 രണ്ടാഴ്ചയ്ക്കകം താക്കോൽ കൈമാറണം

കൊച്ചി : മുളന്തുരുത്തി മർത്തോമ്മൻ പള്ളിയുടെ താക്കോൽ ഒാർത്തഡോക്‌സ് വിഭാഗത്തിനു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയും പരിസരവും പൂട്ടി താക്കോൽ കളക്ടർ കൈവശം വെക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാഴ്ചയ്ക്കകം താക്കോൽ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. സഭാതർക്കത്തെത്തുടർന്ന് സുപ്രീംകോടതി നിർദേശിച്ചതു പ്രകാരം പള്ളിയുടെ അവകാശം ഒാർത്തഡോക്സ് വിഭാഗത്തിനാണെന്നും പള്ളി വിട്ടുകിട്ടാൻ നടപടി വേണമെന്നുമായിരുന്നു ട്രസ്റ്റിയടക്കമുള്ളവരുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി നേരത്തെ പള്ളി ഏറ്റെടുക്കാൻ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതു പാലിച്ചില്ലെന്ന് കാണിച്ച് ഹർജിക്കാർ പിന്നീടു കോടതിയലക്ഷ്യ ഹർജി നൽകിയപ്പോൾ പള്ളിപൂട്ടി താക്കോൽ കൈവശംവെക്കാൻ കോടതി നിർദേശിച്ചു. ഇതനുസരിച്ച് പള്ളിയും പരിസരവും പൂട്ടി എറണാകുളം ജില്ലാ കളക്ടർ ഉത്തരവ് നടപ്പാക്കിയിരുന്നു. തുടർഉത്തരവിന്റെ ഭാഗമായാണ് താക്കോൽ കൈമാറാൻ ഉത്തരവിട്ടത്. ക്രമസമാധാനപ്രശ്നം ഉണ്ടാവുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും ഡിവിഷൻബെഞ്ച് നിർദേശിച്ചിട്ടുണ്ട്.