rajesh
ഡോ.എം.ആർ. രാജേഷ്

നെടുമ്പാശേരി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ 'സിനിമ: മുഖവും മുഖംമൂടിയും' എന്ന ചലച്ചിത്ര ഗ്രന്ഥകർത്താവ് ഡോ.എം.ആർ. രാജേഷിന് അഭിനന്ദനപ്രവാഹം. തൃശൂർ കേരളവർമ കോളേജ് മലയാളം അദ്ധ്യാപകനായ ഡോ. രാജേഷ് കുറുമശേരി മാളിയേക്കൽവീട്ടിൽ രാജന്റെയും ലളിതയുടെയും മകനാണ്.

ജോലി സംബന്ധമായി ഇപ്പോൾ തൃശൂരിലാണ് താമസിക്കുന്നതെങ്കിലും സിനിമാ അവാർഡിൽ കുറുമശേരിയുടെ സാന്നിദ്ധ്യമുണ്ടായതിൽ നാട്ടുകാരും ആഹ്ളാദത്തിലാണ്. കാലടി ശങ്കരാചാര്യ സർവകലാശാലയിൽ നിന്നും മലയാളത്തിൽ എം.എയും പി.എച്ച്.ഡിയും നേടിയ രാജേഷ് പഠനകാലത്ത് കുറുമശേരി എ.കെ.ജി വായനശാല, അക്ഷര വായനശാല എന്നിവിടങ്ങളിലെ നിത്യസന്ദർശകനായിരുന്നു. വായനയും സാംസ്‌കാരിക പ്രവർത്തനവുമായി നാട്ടിൽ കഴിയവേ 2011ൽ കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിൽ മലയാളം അദ്ധ്യാപകനായി. ഇപ്പോൾ തൃശൂർ കേരളവർമ കോളേജിലാണ്. ഇതേതുടർന്നാണ് താമസം തൃശൂരിലായത്. പ്രത്യേക ജൂറി പരാമർശം നേടിയ കൃതി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ ഡോ. എം.ആർ. രാജേഷിന്റെ മുപ്പതോളം സിനിമാലേഖനങ്ങളുണ്ട്. സിനിമയുടെ ഭിന്നമുഖങ്ങൾ അടയാളപ്പെടുത്താനുള്ള ശ്രമം നടത്തിയതിനാണ് ജൂറിയുടെ പ്രത്യേകപരാമർശത്തിനർഹനായത്.

2005 മുതൽ ചലച്ചിത്രലേഖന രചനാരംഗത്തുള്ള രാജേഷിന് കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ യുവഎഴുത്തുകാർക്കുള്ള എൻ.വി. കൃഷ്ണവാരിയർ അവാർഡ്, സിനിമാ ലേഖനത്തിനുള്ള അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വായനശാലകളും വിവിധ സംഘടനകളുമെല്ലാം രാജേഷിന് സ്വീകരണം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

കുന്നംകുളം പഴഞ്ഞി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മലയാളം അദ്ധ്യാപിക ദിവ്യ ധർമദത്തനാണ് ഭാര്യ. ഏകമകൾ: നീലാംബരി.