നെടുമ്പാശേരി: ചെങ്ങമനാട് പുത്തൻതോട് ഗ്യാസ് ഏജൻസീസ് വളവിൽ ഇടവേളക്ക് ശേഷം വീണ്ടും അപകടം. ഇന്നലെ വൈകിട്ട് കണ്ടെയ്‌നർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായ പരുക്കേറ്റു. ചെങ്ങമനാട് പാലപ്രശ്ശേരി വയലോടൻ (കുന്നത്ത്) അബ്ദുൽ മജീദിന്റെ മകൻ മുഹമ്മദാണ് (20) അപകടത്തിൽപ്പെട്ടത്.

കോളജ് വിദ്യാർത്ഥിയായ മുഹമ്മദിനെ ചെങ്ങമനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറിക്കടിയിൽ കുടുങ്ങിയ മുഹമ്മദിന്റെ ഇടതുകൈയ്യിലൂടെ ലോറിയുടെ ടയർകയറി ഇറങ്ങി. തലനാരിഴക്കാണ് ജീവൻ തിരിച്ചു കിട്ടിയത്. അപകട ശബ്ദം കേട്ട് സമീപവാസികൾ ഓടിയത്തെിയപ്പോഴേക്കും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ദൂരെ മാറി ബൈക്ക് കിടപ്പുണ്ടായിരുന്നെങ്കിലും എന്താണ് സംഭവിച്ചതെന്നറിഞ്ഞില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് ലോറിക്കടയിൽ കൈ വളച്ച് ചുരുട്ടിയ നിലയിൽ ടയർ കയറി നിൽക്കുന്നതായി കണ്ടത്തെിയത്. തുടർന്ന് സാഹസികമായി മുഹമ്മദിനെ പുറത്തെടുത്ത ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും നില ഗുരുതരമായതിനാൽ എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ ലോറി ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.