കൊച്ചി: ഭൂരഹിതരായ പട്ടികജാതിക്കാരുടെ പുനരധിവാസത്തിന് ഫ്റ്റാറ്റ് സമുച്ചയം നിർമ്മിക്കാനുള്ള പ ദ്ധതി കോർപ്പറേഷൻ അധികൃതരുടെ അനാസ്ഥ മൂലം തകിടംമറിഞ്ഞു. രണ്ടു കോടിയിലേറെ രൂപ പദ്ധതിക്കായി ചെലഴിച്ചിരുന്നു. ഫ്ളാറ്റ് നിർമ്മാണത്തിനുള്ള സ്ഥലം വാങ്ങാൻ വർഷങ്ങൾക്ക് മുമ്പ് ജി.സി.ഡി.എയ്ക്ക് തുക നൽകിയെങ്കിലും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനോ ഫ്ളാറ്റ് സമുച്ചയത്തിന്റെ പണി ആരംഭിക്കാനോ കോർപ്പറേഷന് നാളിതുവരെ കഴിഞ്ഞിട്ടില്ല.
# തുടക്കം 2008 ൽ
പട്ടികജാതിക്കാർക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ 2.8 കോടി രൂപ അടങ്കൽ തുക നിശ്ചയിച്ച പദ്ധതിക്ക് 2008 ഫെബ്രുവരി 29 നാണ് ഡി.പി.സി (ജില്ല ആസൂത്രണ സമിതി) അംഗീകാരം ലഭിച്ചത്. കോർപ്പറേഷന് സ്ഥലം ഇല്ലാത്തതിനാൽ പദ്ധതിക്കാവശ്യമായ ഭൂമി ജി.സി.ഡി.എയിൽനിന്ന് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. കളക്ടറോട് സ്ഥലവില നിർണയിച്ച് നൽകണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സെന്റിന് 1,40,000 രൂപപ്രകാരം തോപ്പുംപടി വില്ലേജിൽ 11922 എ. 3എ, 3ബി എന്നീ സർവേ നമ്പരിൽ ഉൾപ്പെട്ട 1.45 ഏക്കർ സ്ഥലം കണ്ടെത്തി. ഇത് വാങ്ങുന്നതിന് 2.03 കോടി രൂപ വില നിശ്ചയിച്ചു.
മേയറുടെ മുൻകൂർ അനുമതിപ്രകാരം 2008 ഏപ്രിൽ ഒമ്പതിന് സ്ഥലവിലയുടെ മുൻകൂറായി 1.16 കോടി രൂപ ജി.സി.ഡി.എയിൽ .അടച്ചു. 2008 സെപ്തംബർ 25ലെ കൗൺസിൽ ഇതിന് അംഗീകാരം നൽകി. 2010 ആഗസ്ത് 24ന് 87,00,000 രൂപയുടെ ഡി.ഡി അടക്കം 2.03 കോടി രൂപയും ജി.സി.ഡി.എയ്ക്ക് കൈമാറി. എന്നാൽ, സ്ഥലം ഇതുവരെ കോർപ്പറേഷന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
# പലിശ നഷ്‌ടമായി
2010–11 കാലയളവിൽ പദ്ധതിത്തുക പാഴാകുമെന്ന ഘട്ടം വന്നപ്പോൾ രജിസ്‌ട്രേഷൻ നടപടികൾക്കാവശ്യമായ 48.67 ലക്ഷം രൂപ 2011 മാർച്ച് 26 ന് ട്രഷറിയിൽനിന്ന് പിൻവലിച്ച് ഡിമാന്റ് ഡ്രാഫ്റ്റായി മാറ്റിയിരുന്നു. ഡി.ഡി വിനിയോഗിക്കാത്തതിനാൽ പലിശയടക്കം നഷ്ടപ്പെടുകയാണ്. 2007–08 കാലയളവിൽ നടപ്പാക്കേണ്ടിയിരുന്ന പദ്ധതി 10 വർഷത്തിനുശേഷവും ആരംഭിക്കാൻ സാധിക്കാതെവന്നു എന്നതിലുപരി സ്ഥലത്തിനുവേണ്ടി നൽകിയ തുക പാഴ്‌ചെലവായി മാറുകയും ചെയ്തു. ആദ്യം നിശ്ചയിച്ച വിലയ്ക്ക് ജി.സി.ഡി.എ സ്ഥലം നൽകാൻ ഇനി സാദ്ധ്യതയില്ല.
നടപടി വേണം
കോർപ്പറേഷന്റെ കൈവശം ആസ്തിവിവര രജിസ്റ്റർ ഇല്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം. നിർമ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണം.
വി.പി. ചന്ദ്രൻ
പ്രതിപക്ഷ കൗൺസിലർ