വൈപ്പിൻ: നായരമ്പലം ഗവ. ആയുർവേദ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സമർപ്പിച്ച പദ്ധതിക്ക് 2.15 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചതായി എസ്. ശർമ്മ എം.എൽ.എ. അറിയിച്ചു. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനായിരിക്കും നടത്തിപ്പ് ചുമതല. എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 2 കോടി രൂപ ചെലവാക്കി നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സമീപമാണ് പുതിയ ആശുപത്രി കെട്ടിടം ഉയരുന്നത്. രോഗികൾക്കുള്ള സ്വീകരണമുറി, വിശ്രമമുറി, ശൗചാലയങ്ങൾ, പഞ്ചകർമ്മ ചികിത്സാകേന്ദ്രം, സ്ത്രീകൾക്കുള്ള മുറികൾ, പേ വാർഡ്, ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള മുറികൾ, സ്‌റ്റോർ, ലിഫ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.