കൊച്ചി: കോൺഗ്രസ് നേതാവും ബ്‌ളോക്ക് പഞ്ചായത്ത് അംഗവുമായ ടി.പി. ജോർജിനെ ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. പാർട്ടി നേതാക്കളെ നവമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് നടപടി. നേരത്തെ റോജി എം. ജോൺ എം.എൽ.എയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിലും ജോർജിനെതിരെ നേതൃത്വം നടപടിക്ക് തീരുമാനിച്ചെങ്കിലും മാപ്പപേക്ഷ നൽകിയതിനാൽ താക്കീതിൽ അവസാനിപ്പിച്ചതാണ്.
വീണ്ടും നേതൃത്വത്തെ അധിക്ഷേപിച്ച സാഹചര്യത്തിലാണ് സസ്‌പെൻഷൻ. റോജി എം. ജോണിനെ എൽ.ഡി.എഫ് ബഹിഷ്‌കരിക്കുന്നതിനെതിരെ നടത്തിയ പൊതുസമ്മേളനങ്ങളിൽ പ്രാദേശിക നേതാക്കൾക്ക് ഇരിപ്പിടം നിഷേധിക്കുന്നതായി ടി.പി. ജോർജ് നവമാദ്ധ്യമങ്ങളിൽ ആരോപിച്ചിരുന്നു. ഇനിയും തുടർന്നാൽ നേതാക്കന്മാരെ ചെരുപ്പ് മാല അണിയിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ഇപ്പോഴത്തെ അച്ചടക്ക നടപടിക്ക് കാരണമായത്. നേരത്തെ കേരള കോൺഗ്രസ് (എം) നേതാവായിരുന്ന ജോർജ് ഇപ്പോൾ കോൺഗ്രസിന്റെ ബ്‌ളോക്ക് സെക്രട്ടറിയാണ്.