
കൊച്ചി: ഓഫീസ് മുറികളിലുൾപ്പെടെ ചില്ലുവാതിലുകൾ ഘടിപ്പിക്കുന്ന എല്ലാ നിർമാണങ്ങൾക്കും പൊതുവായ മാർഗനിർദ്ദേശമായി.
ഗുണനിലവാരവും സുതാര്യതയുമില്ലാത്ത ചില്ല് ഉപയോഗിച്ച് വാതിലുകളും പാർട്ടീഷനുകൾക്കും നിർമിക്കുന്നത് പലതരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.
കഴിഞ്ഞ ജൂൺ 15ന് പെരുമ്പാവൂരിലെ ബാങ്ക് ഒഫ് ബറോഡയിൽ മുൻവശത്തെ വാതിലിന്റെ ചില്ല് തകർന്നുണ്ടായ അപകടത്തിൽ ചേരാനെല്ലൂർ സ്വദേശിയായ യുവതി മരണപ്പെട്ടിരുന്നു. ഇത്തരം ദുരന്തങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനാണ് കർശനമായ വ്യവസ്ഥകൾ.
• കടുപ്പമേറിയതും, ലാമിനേറ്റ് ചെയ്തതുമായ ചില്ലുകൾ മാത്രമെ വാതിലുകൾക്കും പാർട്ടീഷനും ഉപയോഗിക്കാവൂ.
• ചില്ല് പ്രതലങ്ങളിൽ സന്ദേശങ്ങൾ, സൂചികകൾ എന്നിവയുള്ള സ്റ്റിക്കറുകളൊ സമാനമായ വസ്തുക്കളൊ പതിച്ച് മുന്നറിയിപ്പ് നൽകണം.
• ഏത് ദിശയിലേക്കാണ് വാതിലുകൾ തുറക്കേണ്ടത് എന്ന് വ്യക്തമാക്കത്തക്കവിധം വാതിലുകളിൽ വലിയ അക്ഷരത്തിൽ രേഖപ്പെടുത്തണം.
• വലിയകെട്ടിടങ്ങളിൽ ചില്ല് ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ 2015ലെ സുരക്ഷാമർഗനിർദ്ദേശങ്ങളും പാലിക്കണം.
• വലിയ നിർമിതികളിൽ ചില്ലിന്റെ ഗുണിലവാരത്തിലും രൂപകല്പനയിലും ഈ നിബന്ധനകൾ പാലിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഉറപ്പുവരുത്തണം.