 
തൃപ്പൂണിത്തുറ: ലിമിറ്റഡ് ഓവർ ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ തൃപ്പൂണിത്തുറയിലെ ക്രിക്കറ്റ് കളിക്കാരനായ തെക്കുംഭാഗം ലക്ഷ്മി ഭവനിൽ ഹരിദാസ് രാമചന്ദ്രൻ്റെ ശേഖരത്തിലുള്ള ബാറ്റുകൾ പറയും ക്രിക്കറ്റിനോടുള്ള ഒരു പ്രണയത്തിൻ്റെ കഥ. സ്നേഹ സമ്മാനമായി പ്രമുഖരായ കളിക്കാർ നൽകിയ മുന്നൂറിലധികം ബാറ്റുകൾ വീടിൻ്റെ ഒരു മുറിയിൽ സൂക്ഷിക്കുന്ന ഹരിദാസ് രാമചന്ദ്രൻ ഇപ്പോൾ തൃപ്പൂണിത്തുറയുടെ സ്വന്തം ബാറ്റ്സ്മാനായി മാറിയിരിക്കുകയാണ്.ഹരിദാസ് രാമചന്ദ്രന് ചെറുപ്പം മുതൽ ക്രിക്കറ്റ് കളിയോടായിരുന്നു കമ്പം. സമയം കിട്ടുമ്പോഴെല്ലാം വീടീനടുത്തുള്ള തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൻ്റെ പാലസ് ഓവൽ ഗ്രൗണ്ടിൽ കളി കാണാൻ പോകും.ഇവിടെ പ്രമുഖരടക്കമുള്ള കളിക്കാർ എത്തിരുന്നു. ഇവരെ കാണുവാനും പരിചയപ്പെടാനും കഴിഞ്ഞെങ്കിലും സ്വന്തമായൊരു ക്രിക്കറ്റ് ബാറ്റ് എന്നത് ഒരു സ്വപ്നമായി അവേശിച്ചു.
ഒരിക്കൽ അച്ഛൻ തന്നെ ഒരു ബാറ്റുവാങ്ങി നൽകി. അതുപയോഗിച്ചായിരുന്നു ക്രിക്കറ്റ് കളി.വലുതായപ്പോൾ മുതിർന്ന കളിക്കാരുടെയെല്ലാം പഴയ ബാറ്റുകൾ ചോദിച്ചു വാങ്ങിയാണ് ക്രിക്കറ്റ് കളിച്ചത്. ഒരിക്കൽ ഹരിദാസിൻ്റെ ക്രിക്കറ്റ് കളിയോടുള്ള താല്പര്യം കണ്ട രഞ്ജി ട്രോഫി കളിക്കാരനായ നന്ദകുമാർ തൻ്റെ ബാറ്റ് നൽകി. ഈ ദിവസം ജീവിതത്തിലെ ഏറ്റവും സന്തോഷം ദിവസമായിരുന്നുവെന്ന് ഹരിദാസ് പറഞ്ഞു. തുടർന്ന് കിട്ടുന്ന ബാറ്റുകൾ ശേഖരിക്കുവാൻ തുടങ്ങി. കേടായ ബാറ്റുകളാണെങ്കിലും വാങ്ങും. ഇതിനിടയിൽ പഴയ ബാറ്റുകൾ റിപ്പയർ ചെയ്യുവാനും പഠിച്ചു. ക്രിക്കറ്റ് കളിക്കാരായ നിരവധി പേർ പിന്നീട് ഹരിദാസിന് ബാറ്റുകൾ സ്നേഹ സമ്മാനമായി നൽകി. പ്രമുഖ കളിക്കാരായ ഉത്തപ്പ, ശ്രീശാന്ത്, അനീഷ് രാജൻ, എം.ഡി നിധീഷ്, സെലിബ്രറ്റികളായ രാജീവ്പിള്ള, ജീൻ പോൾ തുടങ്ങിയവർ ബാറ്റ്നൽകിയവരിൽ പെടും. ഇപ്പോൾ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലെ വെറ്ററൻസ് ടീം അംഗമായ ഹരിദാസ് ക്രിക്കറ്റിൻ്റെ എല്ലാ തരത്തിലുള്ള പിച്ചുകളും തയ്യാറാക്കുന്നതിലും വിദഗ്ദനാണ്
കൊച്ചിയിലെ പ്രമുഖ ഇൻഡോർ, ഔട്ട് ഡോർ പിച്ചുകളെല്ലാം ഹരിദാസ് തയ്യാറാക്കിയതാണ്.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ക്ലബ്ബുകൾക്കായി ഇതിനകം നിരവധി പിച്ചുകൾ തയ്യാറാക്കിയിട്ടുണ്ട്. പുതിയ കളിക്കാരായ
കുട്ടികൾക്കെല്ലാം സഹായി കൂടിയാണ് ഇദ്ദേഹം.കളിക്കാരോട് ഇദ്ദേഹത്തിന്ന് ഒരഭ്യർത്ഥന മാത്രമേയുള്ളു.കളി കഴിഞ്ഞ് മോശമായാൽ പോലും ബാറ്റ് വലിച്ചെറിയരുത്. അത് എനിക്കു തരു.ഞാൻ അത് റിപ്പയർ ചെയ്ത് വയ്ക്കാം. ബാറ്റിനു വേണ്ടി അലയുന്ന പുതിയ കുട്ടികൾക്ക് അത് ഒരു സഹായമാകും.വീടുവയ്ക്കുമ്പോൾ ഒരു മുറിയിൽ ഗ്യാലറിയുണ്ടാക്കി പുതിയ തലമുറയ്ക്കു വേണ്ടി ഈ ബാറ്റുകൾ സൂക്ഷിക്കുമെന്നും ഹരിദാസ് രാമചന്ദ്രൻ പറഞ്ഞു. ബോഡിബിൾഡിംഗിൽ സൗത്ത് ഇന്ത്യൻ മെഡലിസ്റ്റുകൂടിയാണ് ഇദ്ദേഹം.
.ഉഷകുമാരിയാണു് ഭാര്യ. ഗൗരിശങ്കർ, ഗായത്രി എന്നിവർ മക്കൾ.