social
ശ്രീമൂലനഗരത്ത് അനധികൃതമായി മണ്ണിട്ട് നികത്തുന്ന പൊതുകുളം

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിന് പുറകില്‍ മിനി ഇന്‍ഡസ്ട്രീസിന് സമീപത്തെ കുളം മണ്ണും മാലിന്യവും തള്ളി നികത്തുന്നുവെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി എഡ്രാക്ക് ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. 46 അടി നീളവും 30 അടി വീതിയുമുള്ള കുളമാണ് മണ്ണിട്ട് മൂടുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുളം സംരക്ഷിച്ച് പൊതുആവശ്യങ്ങള്‍ക്കായി ജലസേചനം നടത്തിയിരുന്നു..രാത്രിയിലാണ് കുളത്തിൽ മാലിന്യവും മണ്ണും നിക്ഷേപിക്കുന്നത്. നേരത്തെ ഇത്തരം ശ്രമങ്ങളുണ്ടായപ്പോള്‍ സമീപ പ്രദേശങ്ങളിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഇടപെട്ട് നീക്കം തടഞ്ഞിരുന്നു.

ജില്ലാ കളക്ടര്‍ക്ക് പുറമേ ആലുവ തഹസില്‍ദാര്‍, ചൊവ്വര വില്ലേജ് ഓഫീസര്‍, ശ്രീമൂലനഗരം പഞ്ചായത്ത് സെക്രട്ടറി, കാലടി പൊലീസ് എന്നിവർക്കും പരാതി നല്‍കിയിട്ടുണ്ട്.