കൊച്ചി: നവംബർ പതിനാറിന് തുടങ്ങുന്ന ശബരിമല മണ്ഡലകാലത്ത് എറണാകുളം ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ റെയിൽവെയുമായി കൂടിയാലോചിച്ച ശേഷം ക്രമീകരിക്കും. തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാനങ്ങളിൽ നിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് ട്രെയിനുകൾ എത്തുന്നതനുസരിച്ച് അയ്യപ്പന്മാർക്ക് ബസ് സൗകര്യം ഒരുക്കും. 40 പേർ എത്തിയാൽ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് ബസുകൾ ഓടിക്കും.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക സൗകര്യമുണ്ടാവും. ശബരിമല ഓൺലൈൻ ബുക്കിംഗിന്റെ ഭാഗമായി എറണാകുളം ഡിപ്പോയിൽനിന്ന് ദിവസേന രണ്ട് ബസുകൾ സർവീസ് നടത്തിയിരുന്നു. ഈ സർവീസുകളും ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് ക്രമീകരിക്കും. ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. സർവീസുകൾ. പ്രതിദിനം ഓൺലൈനായി റിസർവ് ചെയ്യുന്ന ആയിരം ഭക്തർക്കാണ് ദർശനസൗകര്യം ഒരുക്കുന്നത്. ഞായറാഴ്ചകളിൽ രണ്ടായിരത്തിലേക്ക് ഉയരും. ഇവർക്ക് യാത്രാസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സിയെ ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് കത്ത് നൽകിയിട്ടുണ്ട്.
കൊവിഡിൽ പൊതുവെ നഷ്ടത്തിലുലയുന്ന കെ.എസ്.ആർ.ടി.സിക്ക് മണ്ഡലകാലത്തെ വരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

യാത്രക്കാരെ ആകർഷിക്കാൻ ബോണ്ട് സർവീസുകൾ, ജനതാ സർവീസുകൾ അടക്കമുള്ളവ കെ.എസ്.ആർ.ടി.സി പരീക്ഷിക്കുന്നുണ്ടെങ്കിലും രോഗവ്യാപനസാദ്ധ്യത കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനത്തെ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നതിനൊപ്പം തന്നെ വരുമാനവും നേടുന്ന ഡിപ്പോയാണ് എറണാകുളം. 40- 50 വരെ സർവീസുകൾ പ്രതിദിനം എറണാകുളത്തുനിന്ന് മുൻ വർഷങ്ങളിൽ സർവീസ് നടത്തിയിരുന്നു. ഇക്കുറി അയ്യപ്പന്മാരുടെ ആവശ്യം കണക്കിലെടുത്ത് മാത്രം ബസ് വിട്ടുനൽകാനാണ് തീരുമാനം.


അന്തിമ തീരുമാനം പിന്നീട്

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകളുടെ സമയത്തിനനുസരിച്ചാണ് എറണാകുളത്ത് നിന്ന് മുൻ വർഷങ്ങളിൽ സർവീസ് ഉണ്ടായിരുന്നത്. ഇക്കുറി സ്ഥിതിഗതികൾ വ്യത്യസ്തമായതിനാൽ റെയിൽവെ അധികൃതരുടെ കൂടി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം. കഴിഞ്ഞ വർഷത്തേതുപോലെ കൂട്ടത്തോടെ പോവാൻ ആഗ്രഹിക്കുന്നവർക്കു മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും.

എം.വി. താജുദീൻ
ഡി.ടി.ഒ.
എറണാകുളം