regikumarfamily

അങ്കമാലി: അച്ഛന്റെ അനുഗ്രഹമാണ് സ്ഥാനലബ്ധിക്ക് കാരണമെന്ന് മാളികപ്പുറത്തെ നിയുക്ത മേൽശാന്തി വേങ്ങൂർ മൈലക്കോടത്ത് മന എം.എൻ. രജികുമാർ ജനാർദനൻനമ്പൂതിരി പറഞ്ഞു. ഭാഗ്യം കിട്ടിയപ്പോൾ അച്ഛൻ കൂടെയില്ലെന്ന സങ്കടമുണ്ട്. പ്രാർത്ഥിച്ച കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും നന്ദിയുണ്ട്. പരദേവതമാരുടെയും ഭഗവാന്റെയും അനുഗ്രഹവും തുണയായി.

ഈ വർഷം മുഴുവനും കൊവിഡ് സാഹചര്യം മാറുന്നതിനുള്ള പ്രാർത്ഥനയാകും. അച്ഛൻ നീലകണ്ഠൻ നമ്പൂതിരി കഴിഞ്ഞ 13നാണു മരിച്ചത്. ആ വിയോഗത്തിനിടെയാണു സാന്ത്വനമെന്നോണം ഈ വാർത്തയെത്തിയത്. മാളികപ്പുറം മേൽശാന്തി പട്ടികയിൽ നാലു പ്രാവശ്യവും ശബരിമലയിലെ പട്ടികയിൽ മൂന്നു പ്രാവശ്യവും ഇടം നേടിയിരുന്നു. കുടുംബക്ഷേത്രമായ വേങ്ങൂർ ശ്രീ ദുർഗാ ഭഗവതിക്ഷേത്രത്തിലാണ് പൂജ തുടങ്ങിയത്. ശ്രീലങ്ക അയ്യപ്പ ക്ഷേത്രം, കോയമ്പത്തൂർ ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, തിരുനാവായ വൈരംകോട് ഭഗവതി ക്ഷേത്രം, കാലടി പുത്തൻകാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിട്ടുണ്ട്.

മാണിക്യമംഗലം പട്ടേശ്വരം ക്ഷേത്രത്തിൽ ശാന്തിയായിരിക്കെയാണ് മാളിക്കപ്പുറത്തെ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തന്ത്രിയോട് ആലോചിച്ച ശേഷമേ ശബരിമലയിലേക്കു പോകുന്നതെന്നെന്നു തീരുമാനിക്കുകയുള്ളൂവെന്നും എം.എൻ. റെജികുമാർ പറഞ്ഞു. ഭാര്യ: പട്ടിമറ്റം പനങ്ങാറ്റംപിള്ളി മന രജനി അന്തർജനം. മക്കൾ: ശബരിനാഥ്, എം.ആർ. ഗൗരി (ഇരുവരും വേങ്ങൂർ സാൻജോ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥികൾ).