കൊച്ചി: ഇനി വിട്ടുവീഴ്ചയില്ല. കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ നിരീക്ഷണം ശക്തമാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വർദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം. കടുത്ത നടപടിയെടുക്കാനും നിരീക്ഷണം നടപ്പിലാക്കാനും കളക്ടർ എസ്.സുഹാസ് മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി.45 ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്‌ട്രേറ്റ് ചുമതല നൽകി അധികമായി നിയമിച്ചത്. നിലവിൽ പ്രവർത്തിക്കുന്ന 119 ഉദ്യോഗസ്ഥർക്ക് പുറമേയാണിത്.


ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങൾ, കണ്ടെയ്ൻമെന്റ് സോണുകൾ, കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം കടുപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത്. ഈ പ്രദേശങ്ങളിലെല്ലാം തന്നെ പരിശോധനകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും കളക്ടർ നിർദ്ദേശിച്ചു. ഒരു സെക്ടറൽ മജിസ്‌ട്രേറ്റ് 30 മുതൽ 40 വരെ പരിശോധനകൾ നടത്തണം. പൊതു ഇടങ്ങൾ , കച്ചവട സ്ഥാപനങ്ങൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മാസ്‌ക് ശരിയായ രീതിയിൽ ധരിക്കാതിരിക്കുക , സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുക, കടകളിൽ സന്ദർശകരുടെ രജിസ്റ്ററുകൾ സൂക്ഷിക്കാതിരിക്കുക, റോഡിൽ അലക്ഷ്യമായി തുപ്പുക തുടങ്ങിയ കുറ്റങ്ങൾ ഗൗരവത്തോടെ തന്നെ കൈകാര്യംചെയ്യണം. കണ്ടെയ്ൻമെന്റ് സോണുകളിലെ പരിശോധനകൾ കൂട്ടണം. തഹസിൽദാരുടെ നേതൃത്വത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, എ.ഡി.എം. സാബു കെ. ഐസക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.