നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട വിവാദത്തിൽ അഞ്ച് പേർക്കെതിരെ സി.പി.എം ഏരിയ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് മൂന്ന് മാസം പിന്നിട്ടിട്ടും ജില്ലാ കമ്മിറ്റി അംഗീകാരം നൽകിയില്ല. ത്രിതല തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ നടപടി സംബന്ധിച്ച ശുപാർശ ജില്ലാ കമ്മിറ്റി പരിഗണിക്കൂ.സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും ഇക്കാര്യത്തിൽ ജാഗ്രത കാണിച്ചില്ലെന്നും ആരോപിച്ചാണ് ഏരിയ സെന്റർ അംഗം തമ്പിപോൾ, ലോക്കൽ സെക്രട്ടറി സണ്ണി പോൾ, ഡി.വൈ.എഫ്.ഐ ബ്‌ളോക്ക് സെക്രട്ടറി എ.കെ. ഷിജു, ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഗവുമായ സിദ്ധാർത്ഥൻ, ബ്രാഞ്ച് സെക്രട്ടറി ബെഹനാൻ എ. അരീക്കൽ എന്നിവർക്കെതിരെ എ.സി നടപടിക്ക് ശുപാർശ ചെയ്തത്. ബെഹനാൻ എ. അരീക്കലിനെ പുറത്താക്കാനും മറ്റുള്ളവരെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്നും നീക്കാനുമായിരുന്നു നിർദേശം. വാദികളെ പ്രതികളാക്കുന്ന നടപടിയാണ് എ.സി സ്വീകരിച്ചതെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി ശുപാർശ പരിഗണിക്കാതെ മാറ്റിവച്ചത്. ഇപ്പോൾ തിരഞ്ഞെടുപ്പ് കൂടി വന്നതോടെ വീണ്ടും നീണ്ടു. എ.സിയിൽ കടുത്ത വാഗ്വാദങ്ങൾക്ക് ശേഷമാണ് നടപടി ശുപാർശ ചെയ്തത്.

സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്തെ ഭിന്നതയാണ് നടപടിക്ക് വഴിയൊരുക്കിയത്. വരുന്ന ഏരിയ സമ്മേളനത്തിൽ ഒരു വിഭാഗം സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നയാളാണ് തമ്പിപോൾ. സമൂഹ അടുക്കളയിൽ സന്നദ്ധപ്രവർത്തനം നടത്തിയ പാർട്ടി അംഗങ്ങൾ പ്രതിഫലം കൈപ്പറ്റിയെന്ന പ്രചരിപ്പിച്ചതാണ് നടപടിക്ക് വഴിയൊരുക്കിയത്. സർക്കാർ ഉത്തരവനുസരിച്ച് സമൂഹ അടുക്കളയിൽ സേവനം ചെയ്യുന്നവർക്ക് പ്രതിഫലം നൽകേണ്ടതില്ലെങ്കിലും ഇവിടെ പണം നൽകി. ചിലർ തിരിച്ചേൽപ്പിക്കുകയും മറ്റ് ചിലർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.എ.സി നിയോഗിച്ച ഇ.എം. സലീം, എം.ആർ. സുരേന്ദ്രൻ, കെ.എസ്. രാജേന്ദ്രൻ എന്നിവരടങ്ങിയ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി ശുപാർശ. പ്രതികളാക്കപ്പെട്ടവർ ഏരിയാ കമ്മിറ്റിക്ക് നൽകിയ വിശദീകരണത്തോടൊപ്പം സമർപ്പിച്ച അഴിമതി തെളിയിക്കുന്ന സി.ഡി പരിശോധിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.