കൊച്ചി : വൈപ്പിൻ നായരമ്പലത്ത് പൊക്കാളി നെല്ലും ചെമ്മീനും ഉൾപ്പെടുത്തി കൃഷി ചെയ്യാൻ പ്രദേശവാസി മരിയദാസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടു. പാടത്ത് ചെളി നീക്കാനും ബണ്ട് ബലപ്പെടുത്താനും യന്ത്രോപകരണങ്ങൾ ഉപയോഗിക്കുന്നതു വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ് മരിയദാസ്. ഇതു സംബന്ധിച്ച് കൃഷി ഓഫീസറുടെ റിപ്പോർട്ടും ഹർജിക്കാരൻ സമർപ്പിച്ചിരുന്നു. നായരമ്പലത്ത് 11.5 ഏക്കർ പാട്ടത്തിനെടുത്താണ് ഹർജിക്കാരൻ കൃഷി ചെയ്യാൻ ഒരുങ്ങുന്നത്. പൊക്കാളി കൃഷിക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി പാടത്തെ ചെളി നീക്കാനും ബണ്ട് ബലപ്പെടുത്താനും ജെ.സി.ബി ഉപയോഗിക്കാൻ ഹർജിക്കാരൻ ശ്രമിച്ചത് കർഷക തൊഴിലാളി യൂണിയൻ തടഞ്ഞെന്ന് ഹർജിയിൽ പറയുന്നു. ജെ.സി.ബി ഉപയോഗിച്ചുള്ള പ്രവൃത്തി നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാരോപിച്ചാണ് യൂണിയൻ പ്രവർത്തകർ തടഞ്ഞത്. എന്നാൽ 2018 ലെ പ്രളയത്തെത്തുടർന്ന് പാടത്ത് അടിഞ്ഞു കൂടിയ ചെളി നീക്കാനും ബണ്ട് ബലപ്പെടുത്താനും കൃഷി ഓഫീസറുടെ ഉപദേശം ലഭിച്ചിരുന്നെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫോർട്ട് കൊച്ചി ആർ.ഡി.ഒ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ നടപടി എടുക്കാനും ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി ഉത്തരവിട്ടത്.