
കോലഞ്ചേരി: ഉള്ളി വീണ്ടും കരയിപ്പിക്കും. ദിനംപ്രതി 5 രൂപ വച്ചാണ് വിലയേറുന്നത്. കഴിഞ്ഞ നവംബറിലും ഉള്ളികൾ വില കത്തിക്കയറി 200 പിന്നിട്ടതാണ്. കൃത്യം ഒരു വർഷം പിന്നിടാറാകുമ്പോൾ വീണ്ടും വില പഴയപടി കുതിക്കുന്നു.
അന്ന് 30 ൽ നിന്ന് തുടങ്ങിയ കയറ്റമാണ് 200 പിന്നിട്ടത്. ഇന്നലെ സവാള റീട്ടെയിൽ വില 75 ലും, ചെറിയ ഉള്ളി 100 ലും, വെളുത്തുള്ളി 140 ലുമെത്തി. മൊത്തവിതരക്കാർക്ക് മൂന്ന് ദിവസം കൂടുമ്പോഴാണ് ഉള്ളി ലോഡെത്തുന്നത്. പ്രതിദിനം ഉണ്ടാക്കുന്ന വില വർദ്ധനവിൽ നിഗൂഢതയുണ്ട്.
ഉള്ളി ഉല്പാദിപ്പിക്കുന്ന കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കാര്യമായ, മഴയോ വിളനാശമോ ഒന്നും ഉണ്ടായിട്ടുമില്ല. കഴിഞ്ഞ വർഷം വിളവ് കാര്യമായി നശിച്ചതിനെ തുടർന്നാണ് വില അത്ര കണ്ട് ഉയർന്നത്.
വടക്കേഇന്ത്യയിലെ കനത്ത മഴയെയും വിളനാശത്തെയും തുടർന്ന് ഉള്ളി കയറ്റുമതി സെപ്തംബറിൽ നിരോധിക്കുകയും ചെയ്തു. വടക്കേ ഇന്ത്യയിലേ ഉള്ളിക്ക് ഡിമാൻഡ് വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട്
ഇടനിലക്കാർ വൻതോതിൽ ചരക്ക് സ്റ്റോക്കു ചെയ്യുന്നതാകാം വിലക്കയറ്റത്തിന് കാരണം.
മഹാരാഷ്ട്ര നാസിക്കിലെ ലാസൽഗാവ് ആണ് ഏഷയിലെ തന്നെ പ്രധാന ഉള്ളി മാർക്കറ്റ്. കൊവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിലും മാർക്കറ്റിന്റെ പ്രവർത്തനം സുഗമമാണ്.