
കൊച്ചി : കേരള സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി തള്ളി. കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെ നാലുപേർ നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് തള്ളിയത്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിൽ ലയിപ്പിച്ച് കേരള ബാങ്കിന് രൂപം നൽകിയശേഷം നടത്തുന്ന ആദ്യ ഭരണ സമിതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. 2019 നവംബർ 30 ന് നിയോഗിച്ച ഇടക്കാല ഭരണസമിതിയാണ് നിലവിലുള്ളത്. അടുത്ത നവംബർ 30 ന് സമിതിയുടെ കാലാവധി കഴിയുമെന്നതിനാൽ ഇതിനു മുമ്പ് തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതു കണക്കിലെടുത്താണ് സിംഗിൾബെഞ്ച് ഹർജികൾ തള്ളിയത്. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷന് പുതിയ വിജ്ഞാപനം ഇറക്കി തിരഞ്ഞെടുപ്പിന് നിയമപരമായി നടപടികൾ സ്വീകരിക്കാമെന്നും വിധിയിൽ പറയുന്നു. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചു കേരള ബാങ്കിനു രൂപം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിർത്തു പ്രമേയം പാസാക്കി. തുടർന്ന് 13 ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ചു. പിന്നീട് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനായി സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും ഇതിനെതിരെയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.