ml
മേതല കനാൽ പാലത്തിന്റെ നിർമ്മാണഉദ്ഘാടനം എൽദോസ് കുന്നപ്പള്ളി എംഎൽഎ നിർവഹിക്കുന്നു

കുറുപ്പംപടി : അശമന്നൂർ പഞ്ചായത്തിൽ പെരിയാർ വാലി ഹൈലെവൽ കനാലിന് കുറുകെ മേതല ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. പെരിയാർ വാലി ജലസേചന പദ്ധതിക്കാണ് നിർമ്മാണ ചുമതല.

അശമന്നൂർ പഞ്ചായത്തിലെ ഒമ്പത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഓടക്കാലി, പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ പുതിയ പാലം സഹായിക്കും. കല്ലിൽ മഹാദേവ ക്ഷേത്രം, കല്ലിൽ ഹയർസെക്കൻഡറി സ്‌കൂൾ, എൻ.എസ്.എസ് ഓഡിറ്റോറിയം എന്നിവിടങ്ങിലേക്കും ഈ പാലം പ്രയോജനം ചെയ്യുമെന്ന് എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് പി.എസ് രാജൻ പറഞ്ഞു. ഈ പ്രദേശത്തെ നാനുറോളം കുടുംബങ്ങൾക്ക് പദ്ധതി ഗുണകരമാണ്.

12.50 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. നാല് മാസങ്ങൾ കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു പാലം തുറന്ന് കൊടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി വർഗീസ്, പ്രീത സുകു, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബെസി, അമ്പിളി രാജൻ, പി.എസ് രാജൻ, പെരിയർവാലി അസി. എൻജിനിയർ രമണി കെ.എസ്, കെ. പി. ഗോപിനാഥ മാരാർ, എം.ജി ദാസ് എന്നിവർ പ്രസംഗിച്ചു.