sadanandan

ആലുവ: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകനായ ആലുവ കുന്നത്തേരി പാണൻപറമ്പിൽ പി.എൻ. സദാനന്ദന്റെ കുടുംബത്തിന് കേന്ദ്ര സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. പി.എം.ജി.കെ.പി. ഇൻഷ്വറൻസ് പദ്ധതി പ്രകാരമാണ് സഹായം അനുവദിച്ചത്. ആലുവ ജില്ലാ ആശുപത്രി ജീവനക്കാരനായിരുന്ന സദാനന്ദൻ ആഗസ്റ്റ് 17നാണ് മരിച്ചത്. 12 വർഷം ആരോഗ്യവകുപ്പിൽ ജോലി ചെയ്തു. പാർട്ട് ടൈം ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച സദാനന്ദൻ 2019 ജനുവരി 31ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് നഴ്‌സിംഗ് അസിസ്റ്റന്റായാണ് വിരമിച്ചത്. തുടർന്ന് ആശുപത്രി വികസനസമിതി തീരുമാനപ്രകാരം താത്കാലിക അടിസ്ഥാനത്തിൽ മോർച്ചറി അറ്റന്ററായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ ഷീല അങ്കണവാടിയിലെ താത്കാലിക ജീവനക്കാരിയാണ്. ഏകമകൻ ആരോമൽ പോളിടെക്നിക്ക് പഠനശേഷം ഇടപ്പള്ളി ടി സാറ്റിൽ ഓയിൽ ആൻഡ് ഗ്യാസ് കോഴ്സ് പഠിക്കുന്നു. സാമ്പത്തികസഹായം അനുവദിച്ചുവെന്ന വിവരം ചാനലുകളിൽ കണ്ട അറിവ് മാത്രമാണുള്ളതെന്ന് മകൻ ആരോമൽ 'കേരളകൗമുദി'യോട് പറഞ്ഞു. സദാനന്ദന്റെ സ്മരണയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ സഹപ്രവർത്തകർ നന്മയുടെ ഓർമ്മമരം നട്ടിട്ടുണ്ട്.