മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു . പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്ന ആക്ഷേപം ഒരുവശത്ത് ശക്തമായിരിക്കെയാണ് അതിവ്യാപനം. നിലവിൽ എല്ലാ വാർഡിലും കൊവിഡ് രോഗികൾ കൂടുകയാണ്. ടെസ്റ്റിന് പോകാൻ തയ്യാറാകാത്തവരാണ് അധികം പേരും. അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന നിരവധി പ്ലൈവുഡ് കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവർ നാട്ടിലേക്ക് പോകുന്നതും വരുന്നതും യാതൊരു നിയന്ത്രണവുമില്ലാതെയാണ്. ഇവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളൊ, പണിയെടുപ്പിക്കുന്ന കമ്പനി ഉടമകളോ ഇക്കാര്യത്തിൽ ശ്രദ്ധിക്കാത്തത് രോഗം പടരുവാൻ ഇടയാക്കുന്നുണ്ട്.

പഞ്ചയത്തിൽ കൊവിഡ് വ്യാപനം തടയുന്നതിനായി ഉന്നതതല യോഗം കൂടി പ്രതിരോധം ശക്തമാക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ നടപ്പാക്കി കൊവിഡ് വ്യാപനം പടരുന്നത് ഒഴിവാക്കുവാൻ നടപടിയുണ്ടായില്ല. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ പായിപ്ര കവല, പള്ളിപ്പടി, പള്ളിച്ചിറങ്ങര, തൃക്കളത്തൂർ, പായിപ്ര സക്കൂൾപടി, മുളവൂർ പൊന്നിരിക്കപ്പറമ്പ്, മുളവൂർ ജോൺപടി, തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങുന്നത് തടഞ്ഞാൽ മാത്രമേ രോഗ വ്യാപനം തടയാൻ കഴിയൂ എന്നാണ് നിഗമനം.

പ‌ഞ്ചായത്തിലാകെ അഞ്ഞൂറോളം രോഗികൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ടെസ്റ്റിനായി സ്രവം എടുത്ത കൊടുത്തവർ വെളിയിലിറങ്ങി നടന്നതിനാൽ മൂളവൂർ പ്രദേശത്ത് 5 കടകൾ അടക്കേണ്ടിവന്നു. നിരവധി പേർക്ക് നിരീക്ഷണത്തിൽ കഴിയുകയാണ്. പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ പായിപ്ര കവലയിൽ രോഗവ്യാപനം കൂടുതലാകുമ്പോഴും അന്യസംസ്ഥാന തൊഴിലാളികളുൾപ്പടെ ജനങ്ങൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കുവാനാകുന്നില്ല .