കൊച്ചി : തിരുവാർപ്പിലെ മർത്തശ്‌മൂനി പള്ളി പൂട്ടി താക്കോൽ ജില്ലാ കളക്ടർ കൈവശം വെക്കാനും താക്കോൽ എന്നു ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറുമെന്ന് അറിയിക്കാനുമുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കോട്ടയം കാഞ്ഞിരം സ്വദേശികളായ റോയ്. വി. ജേക്കബ്, സിറിൽ. വി. സഖറിയ എന്നിവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പള്ളി പൂട്ടി താക്കോൽ കൈവെക്കാൻ ആഗസ്റ്റ് 13 നും പള്ളിക്ക് പൊലീസ് സംരക്ഷണം നൽകാൻ ആഗസ്റ്റ് 19 നുമാണ് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവുകൾ നൽകിയത്. ഇതിനെതിരെ നൽകിയ അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സിംഗിൾബെഞ്ചിന്റെ ഉത്തരവുകളിൽ ഇടപെടാൻ കാരണമില്ലെന്നും ഹർജി സിംഗിൾബെഞ്ചിൽ നില നിൽക്കുന്ന സാഹചര്യത്തിൽ ഹർജിക്കാർക്ക് അവിടെത്തന്നെ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.