 
പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിൽ വലിയ തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ വെട്ടിയേലി പ്രദേശത്ത് നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം.
25 വർഷം പഴക്കമുള്ള നിലവിലെ പാലം വർഷങ്ങൾക്ക് മുമ്പ് പകുതി തകർന്ന് നിലം പതിച്ചു. പ്രദേശ വാസികൾ തന്നെ പോസ്റ്റുകൾ ഇട്ട് താത്ക്കാലികമായി തയ്യാറാക്കിയ പാലമാണിപ്പോൾ ഉപയോഗിക്കുന്നത്.
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്കായുള്ള 15 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.
ഒരാഴ്ച്ച കൊണ്ട് പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ ആരംഭിക്കും.പതിനാല് മീറ്റർ നീളത്തിൽ 2.40 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. കാർഷികാവശ്യത്തിനുള്ള ടില്ലർ, ട്രാക്ടർ എന്നീ സൗകര്യങ്ങൾക്ക് പുതിയ പാലം സഹായകരമാണ്. ജില്ല പഞ്ചായത്ത് അഞ്ച് വർഷങ്ങൾക്ക് മുമ്പ് 10 ലക്ഷം രൂപ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. എന്നാൽ മെയിന്റനൻസ് ഫണ്ടിൽ നിന്നാണ് അനുവദിച്ചത് എന്ന കാരണത്താൽ അന്ന് പദ്ധതിയുടെ സാങ്കേതികാനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തികരിക്കുവാൻ സാധിച്ചിരുന്നില്ല.
മുണ്ടൻ തുരുത്ത് ഭാഗത്ത് നിന്ന് മുടക്കുഴ സൊസൈറ്റി, പഞ്ചായത്ത് കാര്യാലയം, കൃഷി ഭവൻ, ആയുർവേദ ആശുപത്രി, മുടക്കുഴ യു.പി സ്‌കൂൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും പാലം പ്രയോജനം ചെയ്യും.കൂവപ്പടി ബ്ലോക്ക് പഞ്ചായത്താണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ജില്ല പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.