
കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിക്ക് നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രിയും പൊതുസമൂഹവും ഇടപെടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്‌മ ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. വിചാരണക്കോടതിയിൽ നിന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ലെന്നും കോടതിതന്നെ മാറ്റണമെന്ന് കേസിൽ പ്രോസിക്യൂഷൻ തന്നെ കോടതിയെ സമീപിച്ചത് ഞെട്ടലോടെയാണ് സംഘടന കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നുണ്ട്. സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ അനിശ്ചിതത്വം തുടരുന്നത് ദുരന്തമാണ്. നീതിക്ക് വേണ്ടിയുള്ള ഈ ദുസഹമായ കാത്തിരിപ്പിന് അറുതിവരുത്തുക സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണമെന്ന് ഡബ്ല്യു.സി.സി വാർത്താക്കുറിപ്പിൽ പറഞ്ഞു.