kodeyeri

കൊച്ചി: എല്ലാ വർഷവും പ്രവർത്തന മികവിന് കേന്ദ്രസർക്കാർ അംഗീകാരം നേടുന്ന ബി.പി.സി.എൽ വിറ്റഴിക്കാനുള്ള തീരുമാനം രാജ്യദ്രോഹ നടപടികളുടെ ഭാഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. ബി.പി.സി.എൽ പെതുമേഖലയിൽ നിലനിറുത്തണമെന്നാവശ്യപ്പെട്ട് ബി.പി.സി.എൽ സംരക്ഷണ സമരസഹായസമിതി സംഘടിപ്പിച്ച വെബ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ പെതുമേഖലാനിക്ഷേപമാണ് ബി.പി.സി.എൽ. കൊച്ചി റിഫൈനറിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിലുൾപ്പെടെ വലിയ പിന്തുണയാണ് സംസ്ഥാന സർക്കാർ നല്‍കിയത്. സ്വകാര്യവത്കരണത്തിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ആവശ്യമെങ്കിൽ നിയമപരമായി ഇടപെടാനുള്ള ശ്രമം സംസ്ഥാന സർക്കാർ നടത്തും. തൊളിലാളികളുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങവ നടക്കുമ്പോഴും അതിവേഗം സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകുകയാണ്.

മഹാരത്‌ന കമ്പിനിയായ ബി.പി.സി.എൽ സ്വകാര്യ മേഖലയ്ക്ക് നൽകരുതെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾ ഒരു വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് വെബ് റാലി സംഘടിപ്പിച്ചത്. സി.ഐ.ടി.യു കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടന്ന പ്രതിഷേധ റാലിയിൽ ബെന്നി ബഹനാൻ എം.പി അദ്ധ്യക്ഷനായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി ധനപാലൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കൊച്ചിൻ റിഫൈനറീസ് വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമാരായ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ, അഡ്വ. വി.ഡി. സതീശൻ എം.എൽ.എ, റിഫൈനറി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, എം. സ്വരാജ്, മോൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.