transgentor
ട്രാൻസ്ജെൻഡർ യുവതി ആത്മഹത്യ ഭീഷണിയുമായി ആലുവ പൊലീസ് സ്റ്റേഷനിലെ ആൽമരത്തിൽ കയറിയപ്പോൾ

ആലുവ: പരാതി പൊലീസ് അവഗണിച്ചെന്ന് തെറ്റ്ദ്ധരിച്ച ട്രാൻസ്ജെൻഡർ സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. കളമശേരി കുസാറ്റിന് സമീപം താമസിക്കുന്ന അന്നയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.ആലുവ പൊലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ആലുവ സ്വദേശിയായ ഒരു കഞ്ചാവ് വിൽപ്പനക്കാരന്റെ നേതൃത്വത്തിൽ അന്നയെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് പതിവാണ്. ഇതേതുടർന്നാണ് ആലുവ സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്. പരാതിക്കാര്യം അറിയിപ്പിച്ചപ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കാൻ പൊലീസ് നിർദ്ദേശിച്ചു. തന്നെ അവഗണിച്ചതാണെന്ന് തെറ്റ്ദ്ധരിച്ച അന്ന ഉടൻ സ്റ്റേഷൻ വളപ്പിലെ മരത്തിലേക്ക് ഓടി കയറുകയായിരുന്നു. പൊലീസ് പലവട്ടം ആവശ്യപ്പെട്ടിട്ടും മരത്തിൽ നിന്നും ഇറങ്ങാൻ മടിച്ച ഇവരെ ആലുവ ഫയർഫോഴ്സ് സംഘമെത്തിയാണ് അനുനയിപ്പിച്ച് താഴെ ഇറക്കിയത്.

തെറ്റ്ദ്ധരിച്ചാണ് മരത്തിൽ കയറിയതെന്നും പരാതിയുടെ പരാതിയന്മേൽ കേസെടുക്കുമെന്നും സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. രാജേഷ് അറിയിച്ചു. ആലുവ സ്റ്റേഷനിലെ നാല് പൊലീസുകാർ ഇതിനകം കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതേതുടർന്നാണ് അടിയന്തരസാഹചര്യത്തിലല്ലാത്ത പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ ബോക്സ് സ്ഥാപിച്ചിട്ടുള്ളത്.