കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി താല്കാലികമായി നിറുത്തിവച്ചു. നിലവിലെ കോടതിയിൽ വിചാരണ തുടർന്നാൽ ഇരയ്ക്ക് നീതി നിഷേധിക്കാനിടയുണ്ടെന്നും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സമയം വേണമെന്നുമാവശ്യപ്പെട്ട് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിക്കുന്നതിനായാണ് വിചാരണ നടപടികൾ താല്കാലികമായി നിറുത്തിവച്ചത്. കേസിൽ ഹാജരാകാൻ സമൻസ് ലഭിച്ച സാക്ഷികൾ തല്കാലം ഹാജരാകേണ്ടെന്നും പുതിയ സമൻസ് ലഭിച്ചശേഷം ഹാജരായാൽ മതിയെന്നും സി.ബി.ഐ കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറുടെ അപേക്ഷ കോടതി അടുത്തയാഴ്ച പരിഗണിക്കും. ഒക്ടോബർ 14 ന് സാക്ഷി വിസ്താരത്തിനിടെ കോടതി പ്രോസിക്യൂട്ടർക്കെതിരെ നടത്തിയ പരാമർശങ്ങൾ അവാസ്തവും അനവസരത്തിലുള്ളതുമാണെന്ന് അപേക്ഷയിൽ പറയുന്നു. സാക്ഷിയുടെ മുഖ്യ വിസ്താരം കഴിഞ്ഞ ശേഷം കോടതിക്ക് ലഭിച്ച അജ്ഞാത കത്ത് വായിച്ചതിനെത്തുടർന്നാണ് കോടതി പരാമർശങ്ങൾ നടത്തിയതെന്നും വിചാരണ നീതിപൂർവമാകാൻ മറ്റൊരു കോടതിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു. എന്നാൽ കോടതി നടത്തിയ പരാമർശങ്ങളെക്കുറിച്ച് അപേക്ഷയിൽ പറയുന്നില്ല. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ ഹർജി ഇനിയും പരിഗണിച്ചിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിച്ചിട്ടുണ്ട്. 2017 ലാണ് യുവനടി ആക്രമിക്കപ്പെട്ടത്. തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിൽ പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. പിന്നീടു നടത്തിയ തുടരന്വേഷണത്തിൽ നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണിതെന്ന് കണ്ടെത്തി പ്രതി ചേർത്തു. കേസിൽ ഇരയായ നടി ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാ ജഡ്ജി അദ്ധ്യക്ഷത വഹിക്കുന്ന സി.ബി.ഐ കോടതിയിൽ വിചാരണ നടത്താൻ ഹൈക്കോടതി നിർദേശിച്ചത്.