 
കൊച്ചി: ആഗോള പരിസ്ഥിതിദിനത്തോടനുബന്ധിച്ച് യു.എൻ.ഇ.പിയുമായി സഹകരിച്ച് കൊച്ചി ആസ്ഥാനമായ ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അന്തർദേശീയ നേച്ചർ ഫോട്ടോഗ്രഫി മത്സരത്തിന്റെ പന്ത്രണ്ടാം പതിപ്പിൽ ബംഗ്ലാദേശിലെ ചിറ്റഗോംഗ് സ്വദേശി റകായെത് ഉൽ കരിം നകിം ഒന്നാം സ്ഥാനം നേടി. യു.എ.ഇ ഷാർജയിൽ നിന്നുള്ള മുഹമ്മദ് നൗഫൽ, ഗാസിയാബാദ് സ്വദേശി കാർത്തികേയ ഗ്രോവർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. റഷ്യയിൽനിന്നുള്ള വ്ളാദ്‌ലേന ലാപ്ഷിന, ബംഗ്ലാദേശിലെ അബ്ദുൾ മോമിൻ, കേരളത്തിൽ നിന്നുള്ള ശ്രീധരൻ വടക്കാഞ്ചേരി എന്നിവർ പ്രോത്സാഹനസമ്മാനങ്ങൾ നേടി. 52 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 6811 എൻട്രികളാണ് മത്സരത്തിൽ മാറ്റുരച്ചത്. പരിസ്ഥിതി പ്രവർത്തകരായ രഞ്ജൻ പാണ്ഡ, ലതികാ നാഥ്, അഡ്വർടൈസിംഗ് ഗുരു പ്രതാപ് സുതൻ എന്നിവരുൾപ്പെട്ട ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
കള്ളിമുൾച്ചെടിയുടെ ചുരുളിലായിരിക്കെ പ്യൂപ്പയിൽ നിന്ന് ശലഭമായിത്തീർന്ന് ആദ്യപറക്കലിനു മുമ്പത്തെ ചിത്രശലഭത്തെയാണ് കള്ളിമുൾച്ചെടിയുടെ ചുരുളോടൊപ്പം ഒപ്പിയെടുത്ത് ഉൽ കരിം റകിം ഒന്നാം സ്ഥാനം നേടിയത്.
നിങ്ങളുടെ തൊട്ടടുത്ത പ്രകൃതി എന്നതായിരുന്നു മത്സരവിഷയം. കൊവിഡ് ഭീഷണിയിലും പരിമിതികളെ അതിശയിക്കുന്ന സർഗാവിഷ്‌കാരമാണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുണ്ടായതെന്നും ഗ്രീൻസ്‌റ്റോം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണൻ പറഞ്ഞു.