കുറുപ്പംപടി: പെരുമ്പാവൂരിലെ ഇടത് മുന്നണി കാമ്പിൽ ആശങ്കയുടെ കരിനിഴൽ. ഇടതിനൊപ്പമുള്ള കൗൺസിലർമാരിൽ പലരും മുന്നണി മാറ്റത്തിന് കച്ചമുറുക്കുന്നു. വനിതാ അംഗങ്ങളിൽ ചിലരാണ് മുന്നണി വിടാനൊരുങ്ങുന്നതെന്നാണ് സൂചന. നിലവിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും കളം മാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കൗൺസിലർമാരുടെ നീക്കം മുന്നണിക്ക് തലവേദനയായിട്ടുണ്ട്.
മനസ് മാറ്റതിന്റെ കാരണം
അവസാന കാലഘട്ടത്തിലെ കൊവിഡ് പ്രവർത്തനങ്ങളിൽവരെ ഭരണ പക്ഷത്തുള്ളവരെ മാറ്റി നിർത്തുന്ന സമീപനമാണ് ചെയർപേഴ്സന്റെയും മുന്നണിയുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. ഇക്കാര്യത്തിൽ ഭരണപക്ഷ അംഗങ്ങളിൽ പലരും തുറന്ന പോരുമായി രംഗത്ത് വന്നിരുന്നു. അവിടെയൊന്നും പാർട്ടിയുടെയോ മുന്നണിയുടേയോ പിന്തുണ പലർക്കം ലഭിച്ചില്ല. ഇക്കാരണങ്ങളും വാർഡുകളുടെ സംവരണ നറുക്കെടുപ്പും കഴിഞ്ഞതോടുകൂടിയാണ് പലരുടെയും ഈ മനംമാറ്റം. വനിതാ വാർഡുകളിൽ പലതും ജനറൽ വാർഡുകൾ ആയതോടെ നിലവിലുള്ള കൗൺസിലർമാർക്ക് ഇവിടെ മത്സരിക്കാൻ ഇടതുപാർട്ടികൾ സീറ്റ് നൽകാൻ സാദ്ധ്യതയില്ല. ചിലരോട് അവരവരുടെ വാർഡുകളിൽ ഇനി സീറ്റില്ലെന്ന് തുറന്ന് പറഞ്ഞതായും വിവരമുണ്ട്.
ഒത്ത് തീർപ്പോ ?
ചില കൗൺസിലർമാർക്ക് വാർഡ് മാറി മത്സരിക്കാൻ അനുവാദം നൽകുന്നുണ്ട്. അതേസമയം, ചില വാർഡുകളിൽ ദുർബല സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് ചില ഘടകകക്ഷി തീരമാനം. ഇങ്ങനെ വന്നാൽ നിലവിലെ വൈസ് ചെയർപേഴ്സണ് വരെ സീറ്റ് നഷ്ടപ്പെടും. ജനറൽ വാർഡായ ഈ സീറ്റിൽ മുൻ കൗൺസിലറായ ഒരു വ്യാപാരിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. പൂപ്പാനിമേഖലയിലെ മറ്റൊരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇക്കുറി ഇടതു പാളയം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിലെ ബി.ഡി.ജെ.എസിനൊപ്പം ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്.