boat

തോപ്പുംപടി: കൊച്ചി ഹാർബർ തുറന്ന് പ്രവർത്തനമാരംഭിച്ചെങ്കിലും സംസ്ഥാനത്തെ ഗിൽനെറ്റ് ബോട്ടുകൾ പടിക്ക് പുറത്ത് തന്നെ. സർക്കാരിന്റെ കൊവിഡ് നിയന്ത്രണ ഉത്തരവിൽ മാറ്റം വന്നാൽ മാത്രമേ ഗിൽനെറ്റ് ബോട്ടുകൾക്ക് ഇനി ഹാർബറിൽ പ്രവേശിക്കാൻ കഴിയൂ.

നിലവിൽ പഴ്സീൻനെറ്റ്, ട്രോൾ നെറ്റ് ബോട്ടുകൾക്കാണ് പ്രവേശനം.കഴിഞ്ഞ ദിവസങ്ങളിൽ ഗിൽനെറ്റ് ബോട്ടുകാർ മീൻ കൊണ്ടുവന്നപ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.സംസ്ഥാനത്ത് വലിയ മീനുകളെ പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിൽ ഗിൽ നെറ്റ് ബോട്ടുകൾ മുഖ്യ പങ്കാണ് വഹിക്കുന്നത്. കേരളത്തിൽ കൊച്ചി കേന്ദ്രീകരിച്ചാണ് 600 ഓളം ഗിൽ നെറ്റ് ബോട്ടുകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ ഇവർ കൊച്ചി വിട്ട് അന്യസംസ്ഥാനങ്ങളിലെ ഹാർബറുകളിൽ അടുക്കാൻ തുടങ്ങി. എറണാകുളം ആലപ്പുഴ മേഖലയിലെ മത്സ്യസംസ്കരണ ശാലകളെയും ഇത് പ്രതിസന്ധയിലക്കും.

കഴിഞ്ഞ ദിവസം സബ് കളക്ടർ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് വിരാമമായത്. മൽസ്യ ബന്ധനം കഴിഞ്ഞ് തിരിച്ചത്തുന്ന ബോട്ടുകൾക്ക് വൻതോതിൽ ചെറിയ മീനുകൾ ലഭിക്കുന്നുണ്ടെങ്കിലും വില കുറവാണ് കിട്ടുന്നത്. വലിയ അയല 6 എണ്ണം 100 രൂപക്കാണ് കൊച്ചിയിലെ മാർക്കറ്റുകളിൽ വിറ്റഴിച്ചത്. വലിയ മൽസ്യങ്ങൾ മാർക്കറ്റുകളിൽ എത്തണമെങ്കിൽ ഗിൽനെറ്റ് ബോട്ടുകൾ തിരിച്ചെത്തേണ്ടിവരും.