shef
അനൂപ് അഷറഫ്

കളമശേരി: ലോകപ്രശസ്തമായ ഒമാനിലെ അൽ ബുസ്താൻ പാലസിൽ രുചിക്കൂട്ട് ഒരുക്കുന്നത് മലയാളിയായ അനൂപ് അഷറഫ്. ഇവിടുത്തെ എക്സിക്യൂട്ടിവ് ഷെഫ് ആകുന്ന ആദ്യ ഇന്ത്യാക്കാരനാണ് അനൂപ്.

കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ അനൂപ് ഇന്ത്യയിലെ സ്റ്റാർ ഹോട്ടലുകളിൽ ജോലി ചെയ്ത ശേഷമാണ് വിദേശത്തേക്ക് പോയത്. മലേഷ്യ, ദോഹ, ജർമനി, സൗദിഅറേബ്യ, മസ്ക്കറ്റ് എന്നിവിടങ്ങളിലെ ദീർഘകാലത്ത് അനുഭവസമ്പത്തുണ്ട്.

ഷെഫുമാരുടെ സ്വപ്നപദവികളിലൊന്നാണ് ഒമാൻ പാലസിലെ ജോലി.
വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 72 ഷെഫുമാരായും 25 സ്റ്റുവാർഡിംഗ് സ്റ്റാഫിനെയും നയിക്കുന്നത് അനൂപാണ്. ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സെയ്ദ് ആണ് പാലസ് നിർമ്മിച്ചത്. 1985 ൽ അത്യാഡംബര ഹോട്ടലായി മാറി. ഒമ്പതാം നിലയിൽ അതിവിശിഷ്ടാതിഥികൾക്ക് മാത്രമാണ് പ്രവേശനം. ചാൾസ് രാജകുമാരൻ, രാജ്ഞി കാമില, മൈക്കിൾ ജാക്സൻ, അമിതാഭ് ബച്ചൻ , മുൻരാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ , ഷാരൂഖ് ഖാൻ തുടങ്ങിവരൊക്കെ താമസിച്ചയിടം. താഴെയുള്ള എട്ടുനിലകളിലാണ് അതിസമ്പന്നരുടെ വാസം.

24 കാരറ്റ് ഗോൾഡ് ഫേഷ്യൽ, റിട്സ് കാർ ലെട്ടൻ സ്പാ തുടങ്ങിയ സുഖ ചികിത്സ, ലോകോത്തര വിഭവങ്ങൾ തുടങ്ങി ആഡംബരത്തിന്റെ അവസാന വാക്കാണ് ഒമാൻ പാലസ്. 250 മുറികളാണുള്ളത്.

ഫാക്ടിലെ ട്രേഡ് യൂണിയൻ നേതാവായ അഷറഫിന്റെയും സബിത അഷറഫിന്റെയും മകനായ അനുപ് ഭാര്യ ഷജ് നയ്ക്കും കുട്ടികൾക്കുമൊപ്പം ഒമാനിൽ തന്നെയാണ് വാസം.