കൊച്ചി: മാർക്കറ്റ് മേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിൽ ദുരൂഹതയെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആരോപിച്ചു. ഏറെ തിരക്കുള്ള മാർക്കറ്റ് പരിസരത്തെ ബേസിൻ റോഡ്, മാർക്കറ്റ് റോഡ്, ക്ലോത്ത് ബസാർ റോഡ് എന്നിവയാണ് യഥാസമയം അറ്റകുറ്റപ്പണി ചെയ്യാതെ പൊട്ടിത്തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. സ്ഥലത്തുവന്ന് സ്ഥിതിയെന്താണെന്ന് പരിശോധിക്കാനോ നിവേദനത്തിന് മറുപടി നൽകാനോപോലും കോർപ്പറേഷൻ അധികാരികൾ തയ്യാറായിട്ടില്ല. വീണ്ടും നിവേദനവുമായി സമീപിച്ചപ്പോൾ നഗരത്തിലെ മുഴുവൻ റോഡുകളുടെയും നവീകരണം സ്മാർട്ട് സിറ്റിയിൽപ്പെടുത്തി സ്മാർട്ട് മിഷന് കൈമാറിയെന്ന് അറിയിച്ചു.
എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും സംഗതി സ്മാർട്ടായില്ല. അതിനിടെ ഇല്ലാത്ത കാര്യത്തിന് അവകാശവാദമുന്നയിച്ച് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ പേരിൽ ബോർഡ് സ്ഥാപിച്ചതിനെതിരെ വ്യാപാരികൾ കോർപ്പറേഷന് പരാതി നൽകി. ഒരുമാസത്തിനകം റോഡുകൾ അറ്റകുറ്റപ്പണിചെയ്യുമെന്നായിരുന്നു ബോർഡിലെ ഉള്ളടക്കം. സാധാരണ ഏതെങ്കിലും വികസനപദ്ധതികൾക്ക് ഫണ്ട് അനുവദിക്കുകയും പദ്ധതി പൂർത്തിയാക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം അവകാശവാദങ്ങൾ പൊന്തിവരാറുള്ളത്. എന്നാൽ ഇവിടെ നടന്നത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള വെറും രാഷ്ട്രീയ നാടകമെന്ന തിരിച്ചറിവിലാണ് വ്യാപാരികൾ പ്രതികരിച്ചത്. അങ്ങനെ പരാതി നൽകിയതിന്റെ പേരിലുള്ള വൈരാഗ്യമാണ് റോഡുകളുടെ അറ്റകുറ്റപ്പണി വൈകിക്കാൻ കാരണമെന്നും മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആരോപിച്ചു.
# അടിയന്തരമായി പ്രശ്നം
പരിഹരിക്കണം
യു.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനായിട്ടും കോൺഗ്രസ് പ്രതിനിധിയുടെ വാർഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തയ്യാറാകാത്തതും ദുരൂഹമാണ്. അധികൃതരുടെ ഭാഗത്തെ അനാസ്ഥയോ പകപോക്കലോ എന്തുതന്നെ ആയാലും അടിയന്തരമായി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ ആവശ്യപ്പെട്ടു.