ഫോർട്ടുകൊച്ചി: കൊവിഡിന്റെ കടന്നുവരവിൽ കഴിഞ്ഞ 8 മാസമായി സ്വപ്നതീരം അനാഥമായതോടെ ഫോർട്ടുകൊച്ചി ബീച്ചും പരിസരവും മാലിന്യക്കൂമ്പാരമായി. ടൂറിസം കേന്ദ്രങ്ങളിലേക്ക് വീണ്ടും സഞ്ചാരികൾക്ക് അനുമതി നൽകിയെങ്കിലും ദുർഗന്ധംമൂലം ആരും വരാത്ത സ്ഥിതിയാണ്. പ്ലാസ്റ്റിക്ക് കുപ്പികളും മദ്യക്കുപ്പികളും ഉണങ്ങിയതും ചീഞ്ഞതുമായ പോളപ്പായലും മറ്റുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് ബീച്ചും പരിസരവും.

# ഒറ്റപ്പെട്ട സ്വപ്നതീരം

കുറച്ചു മാസങ്ങൾക്ക് മുമ്പുവരെ നിരവധി സംഘടനകൾ ബീച്ചും പരിസരവും വൃത്തിയാക്കിയിരുന്നു. ആഴ്ചയിൽ ഒരുദിവസം കപ്പലണ്ടി, ഐസ്ക്രീം വില്പനക്കാരും ശുചിയാക്കുമായിരുന്നു. എന്നാൽ മാസങ്ങളായി ഈ ഭാഗത്തേക്ക് ആരും വരാതായതോടെ സ്വപ്ന തീരം തീർത്തും ഒറ്റപ്പെട്ടു. ബൈക്കി​ൽ റോന്ത് ചുറ്റുന്ന 2 പൊലീസുകാർ മാത്രമാണ് വല്ലപ്പോഴും ഇവിടെ വരാറുള്ളത്. അപൂർവമായി​ പിങ്ക് പൊലീസിനെയും കാണാം. # പക്ഷി​കളും പട്ടി​ണി​

ഇവിടെ നി​ത്യേന എത്തി​യി​രുന്ന ആയിരക്കണക്കിന് പ്രാവുകൾക്കും മറ്റു പക്ഷികൾക്കും മാസങ്ങളായി​ ബീച്ച് അടച്ചുപൂട്ടിക്കി​ടക്കാൻ തുടങ്ങി​യതോടെ തീറ്റ ഇല്ലാത്ത സ്ഥിതിയായി മാറി. സന്ധ്യയായി കഴിഞ്ഞാൽ ബീച്ച് പരിസരം മദ്യപാനികളുടെയും മയക്കുമരുന്ന് സംഘങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ ഭാഗത്തെ അലങ്കാര വിളക്കുകളും ഇരിപ്പിടങ്ങളും നശിപ്പിച്ച നിലയിലാണ്. ബീച്ച് അടച്ചു പൂട്ടിയതോടെ ചെറുകിട കച്ചവടക്കാരായ ആയിരങ്ങളാണ് പെരുവഴിയിലായത്. മേഖല പച്ചപിടിപ്പിക്കാനുള്ള ഒരുക്കത്തിലും പ്രതീക്ഷയിലുമാണ് ഇവിടത്തെ വ്യാപാരികൾ.