ആലുവ: ഡ്രൈവറും കണ്ടക്ടർമാരും ഉൾപ്പടെ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ഡ്രൈവർ, കണ്ടക്ടർക്കും മെക്കാനിക്കൽ ജീവനക്കാരനുമാണ് കൊവിഡ് ബാധിച്ചത്. കണ്ണൂരിലുള്ള കണ്ടക്ടർ ആലുവയിലെ ഡിപ്പോയിലാണ് താമസം.
കണ്ണൂരുകാരായ പത്ത് ജീവനക്കാർ ഉൾപ്പടെ വിവിധ ജില്ലകളിലുള്ള 40ൽ അധികം ജീവനക്കാർ ഡിപ്പോയുടെ മുകളിൽ ഡോർമെറ്ററിയിലാണ് താമസിക്കുന്നത്. പൊതുവായ ശൗചാലയമാണ് ഉപയോഗിക്കുന്നത്. ഒരാഴ്ച മുമ്പ് കൊവിഡ് ബാധിച്ച ഒരു ഡ്രൈവർ നിലവിൽ ചികിത്സയിലാണ്. ഇതോടെ മൊത്തം ആറ് പേർ കൊവിഡ് ചികിത്സയിലുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ ജീവനക്കാർക്കെല്ലാം കൊവിഡ് പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരു മതിലിനപ്പുറത്ത് കൊവിഡ് പരിശോധന നടത്തുന്ന ജില്ലാ ആശുപത്രിയുണ്ടായിട്ടും എല്ലാവർക്കും പരിശോധന നടത്തുന്ന സംവിധാനം ഒരുക്കാത്തത്തിൽ ജീവനക്കാർ അസംതൃപ്തരാണ്. കോർപ്പറേഷൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.