pay-and-park
ആലുവ മാതാ മാധുര്യ തിയറ്റർ കോംപ്ലക്‌സ് പേ ആന്റ് പാർക്കും അടച്ചിട്ട നിലയിൽ

അതിജീവനശ്രമം പൊളിഞ്ഞ് സിനിമാ തീയേറ്ററുകൾ

ആലുവ: കൊവിഡ് ദുരിതത്തിൽ നിന്ന് കരകയറാൻ ചില സിനിമാ തീയറ്ററുകൾ ആരംഭിച്ച പേ ആൻഡ് പാർക്ക് പരീക്ഷണവും രക്ഷപ്പെട്ടില്ല.

ജീവനക്കാർക്ക് ശമ്പളത്തി​നുള്ള വരുമാനത്തി​ന് വേണ്ടി​യായി​രുന്നു ഈ ശ്രമം. പാർക്കിംഗ് ഫീസ് വരുമാനം മൂന്നക്കം പോലും കടക്കാതെയായതോടെയാണ് ആലുവയിലെ തീയറ്ററുകളിൽ ആരംഭിച്ച പേ ആന്റ് പാർക്ക് സംവിധാനവും നിർത്തുകയാണ്.

ആലുവ മാതാ മാധുര്യ തിയറ്റർ കോംപ്ലക്‌സ് രണ്ടര കോടി രൂപ ചെലവിൽ നവീകരണത്തിനായി രണ്ട് മാസം അടച്ചിട്ട ശേഷം തുറന്നപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ നീണ്ടതോടെ ആഗസ്റ്റിലാണ് പാർക്കിംഗ് ആരംഭിച്ചത്. സമീപത്തെ കാസിനോ തീയ്യേറ്ററും പേ ആന്റ് പാർക്കിംഗ് നടത്തുന്നുണ്ട്. തൊട്ടടുത്തുള്ള പാസ്‌പോർട്ട് ഓഫീസ് അവധിയായാൽ ഇവരുടെ കാര്യവും കഷ്ടത്തിലാകും.

കണ്ടെയ്‌മെൻറ് സോൺ ആയതും മഴയുമെല്ലാം നഗരത്തിൽ വാഹനങ്ങൾ കുറഞ്ഞതാണ് വിനയായത്. വല്ലപ്പോഴും വരുന്ന വാഹനങ്ങൾക്കായി ജീവനക്കാർ കവാടങ്ങൾ തുറന്നിട്ട് നിരാശരായാണ് കാത്തിരിക്കുന്നത്. പകുതി പ്രേക്ഷകരുമായി തീയേറ്റർ തുറക്കാമെന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഉടമകൾ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.

പ്രദർശനത്തിന് മുന്നോടിയായി സീറ്റുകളും മറ്റും വൃത്തിയാക്കി തീയേറ്ററിനകത്തെ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് പൂർണ്ണസജ്ജമാക്കേണ്ടതുണ്ട്. ടിക്കറ്റ് ഓൺലൈൻ വഴിമാത്രം നൽകുകയാണെങ്കിൽ സീറ്റ് നൽകുന്നതിൽ കൊവി​ഡ് പ്രോട്ടോക്കോൾ ഉറപ്പിക്കാൻ സൗകര്യമായിരിക്കും. ബന്ധുക്കളാണെങ്കിൽ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കാമെന്നും അപരിചിതർ സീറ്റുകൾ വിട്ടിരിക്കണമെന്നുമാണ് നിർദ്ദേശം.