ആലുവ: ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരിയായ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. പത്തനംതിട്ട ഗവി കെ.എഫ്.ഡി.സി ക്വാർട്ടേഴ്സിൽ ജോജോ ജോർജ് (31), ഫോർട്ട് കൊച്ചി കൽവത്തി കസ്റ്റംസ് ജെട്ടിക്ക് സമീപം ചിറക്കൽ വീട്ടിൽ റംഷാദ് റസാഖുമാണ് (27) ആലുവ പുളിഞ്ചോട് ഭാഗത്ത് വച്ച് എക്സൈസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും രണ്ട് പൊതികളിലായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഗോവ, ബാംഗ്ളൂർ എന്നിവിടങ്ങളിൽ നിന്നും കിലോക്കണക്കിന് എം.ഡി.എം.എ മയക്കുമരുന്ന് കൊണ്ടുവന്ന് ആലുവ, അങ്കമാലി, ഇടപ്പള്ളി, കൊച്ചി മേഖലകളിൽ മൊത്ത വിതരണം നടത്തുന്നവരാണ് പ്രതികളെന്ന് എക്സൈസ് സംഘം പറഞ്ഞു.
ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുണ്ട്. ചെറിയ അളവിൽ ഉപയോഗിച്ചാലും രണ്ട് ദിവസം വരെ ലഹരി നിലനിൽക്കും. ഉപോയിഗിക്കുന്നതിന്റെ അളവ് കൂടിയാൽ ജീവഹാനിയും സംഭവിക്കാവുന്ന മയക്കുമരുന്നാണിത്. 10 ഗ്രാം കൈവശം സൂക്ഷിച്ചാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികളിൽ നിന്നും പിടികൂടിയ മയക്കുമരുന്നിന് ഏകദേശം ഏഴര ലക്ഷത്തോളം രൂപ വിലവരും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർമാരായ പി.കെ. ഗോപി, കെ.എച്ച്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത് കുമാർ, സജോ വർഗീസ്, പി.ജി. അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.