
കൊച്ചി: സ്വർണക്കടത്തിനു പിന്നാലെ ഡോളർ കടത്തും കണ്ടെത്തിയ കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. ജാമ്യാപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാനാവുമെന്നതിനാൽ ഇന്നു തന്നെ പരിഗണിക്കാൻ പ്രത്യേക അപേക്ഷ നൽകി മുൻകൂർ ജാമ്യ ഹർജി നൽകുമെന്നാണ് സൂചന. ഞായറാഴ്ച രാത്രിയിലോ ഇന്നു രാവിലെയോ ഹർജി ഫയൽ ചെയ്ത് ഉച്ചയോടെ കോടതിയിലെത്തിക്കാനാണ് നീക്കം. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്കു വന്നാൽ അഡിഷണൽ സോളിസിറ്റർ ജനറലിനെ കസ്റ്റംസ് ഹാജരാക്കാനിടയുണ്ട്. സീനിയർ അഭിഭാഷകനാണ് ശിവശങ്കറിനു വേണ്ടി ഹാജരാവുക.