 
ആലുവ: യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും അപ്രതീക്ഷിതമായി രാജിവെച്ച എം.ഒ. ജോൺ ആലുവ നഗരസഭ കൗൺസിലിലേക്ക് ഇക്കുറി മത്സരിക്കുമെന്ന് ഉറപ്പായി. നഗരസഭയിൽ ഒൻപത്, 18 വാർഡുകളാണ് മത്സരിക്കുന്നതിനായി പരിഗണിക്കുന്നത്. 1,2 വാർഡുകളും പരിഗണന പട്ടികയിലുണ്ട്.
എം.എം. ഹസൻ യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുള്ള ജില്ലാ തല പുനസംഘടനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം എം.ഒ. ജോൺ രാജിവെച്ചത്. കെ.പി.സി.സി പുനസംഘടനയിൽ സ്ഥാനം ലഭിക്കാതെ പോയ ഡൊമിനിക്ക് പ്രസന്റേഷനെയാണ് തത്‌സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കെ.പി.സി.സി അംഗമായിരുന്ന ജോൺ പുനസംഘടനയിൽ എക്സിക്യൂട്ടീവ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതും ജില്ലാ ചെയർമാൻ പദവി ഒഴിയുന്നതിന് കാരണമാണ്. എം.ഒ. ജോൺ ഇക്കുറി നഗരസഭയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലായിരുന്നു. ചെയർമാൻ സ്ഥാനം സംവരണം സംബന്ധിച്ച നറുക്കെടുപ്പ് ഈ മാസം അവസാനത്തോടെയുണ്ടാകും. അതിന് ശേഷമായിരിക്കും ജോൺ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
നൂറാം വർഷത്തിലേക്ക് കടക്കുന്ന നഗരസഭയിൽ കൂടുതൽ കാലം ചെയർമാനായതും എം.ഒ. ജോൺ ആണ്. മൂന്ന് തവണകളിലായി 13 വർഷത്തോളം അദ്ദേഹം ചെയർമാനായി. അദ്ദേഹം മത്സരരംഗത്ത് നിന്നും ഒഴിവായി നിന്ന 2005ലാണ് ആദ്യമായി നഗരസഭയിൽ ഇടതുപക്ഷം അധികാരത്തിലേറിയത്.