കൊച്ചി: സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. നിലവിൽ കരിങ്ങാച്ചിറ കുണ്ടന്നൂർ ഇടപ്പള്ളി ആലുവവരെ പ്രകൃതിവാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ആറ് മുനിസിപ്പാലിറ്റികളിൽക്കൂടി ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 2500 വീടുകളിൽ നിലവിൽ ഗ്യാസ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. 1500 വീടുകളിൽ പ്ലംബിംഗ് ജോലികൾ പൂർത്തിയായി.
ഗാർഹിക ഉപഭോക്താക്കൾക്കു പുറമെ സി.എൻ.ജി വാഹനങ്ങൾ, വാണിജ്യ ഉപഭോക്താക്കൾ, വ്യാവസായിക ഉപഭോക്താക്കൾ എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പുതുവൈപ്പിനിൽ സ്ഥിതി ചെയ്യുന്ന പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ നിന്നാണ് പ്രകൃതിവാതകം ഗെയിൽ വാതക പൈപ്പ് ലൈനിൽ എത്തുന്നത്. ഗെയിൽ കളമശേരിയിലെ വാൽവ് സ്റ്റേഷനിൽ നിന്നും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റ പൈപ്പ് ലൈനിൽ പ്രകൃതി വാതകം നൽകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് തുടർന്ന് സ്റ്റീൽ അല്ലെങ്കിൽ എം.ഡി.പി.ഇ പൈപ്പ് ലൈൻ മുഖേന ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
# ഒമ്പത് സി.എൻ.ജി സ്റ്റേഷനുകൾ
# വെല്ലിംഗ്ടൺ ഐലൻഡ്, കാലടി, പെരുമ്പാവൂർ, പൂത്തോട്ട എന്നിവിടങ്ങളിൽ സ്റ്റേഷൻ വരും
# അനുവാദം നൽകാത്ത നഗരസഭകൾ 21 ദിവസത്തിനകം മറുപടി നൽകണം
# വാതകത്തിന് 30 ശതമാനം വിലക്കുറവ്
# മീറ്റർ റീഡിംഗ് പ്രകാരം ബില്ലടയ്ക്കാം
# ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 752.92 രൂപ
# വാണിജ്യ ഉപഭോക്താക്കൾക്ക് 850.33 രൂപ
# വ്യാവസായിക ഉപഭോക്താക്കൾക്ക് 720.72 രൂപ
# സി.എൻ.ജി ഉപഭോക്താക്കൾക്ക് കിലോഗ്രാമിന് 57.30 രൂപ
# നാലുപേരടങ്ങുന്ന ഒരു കുടുംബത്തിൽ പ്രതിമാസ ഉപയോഗം 0.4 യൂണിറ്റ്
# കുടുംബത്തിന്റെ മാസം ചെലവ് 300 രൂപ