
ആലുവ: യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും അപ്രതീക്ഷിതമായി രാജിവെച്ച എം.ഒ. ജോൺ ആലുവ നഗരസഭ കൗൺസിലിലേക്ക് ഇക്കുറി മത്സരിക്കാൻ സാധ്യതയേറി. നഗരസഭ ചെയർമാൻ സ്ഥാനം ജനറൽ വിഭാഗത്തിലാണെങ്കിൽ ഉറപ്പായും മത്സരിക്കും. അടുത്തയാഴ്ച്ചയാണ് ചെയർമാൻ സ്ഥാനം സംവരണമുള്ള നഗരസഭകളുടെ തിരഞ്ഞെടുപ്പ്.
നഗരസഭയിൽ 1,2,9,18 വാർഡുകളാണ് മത്സരിക്കുന്നതിനായി പരിഗണിക്കുന്നത്. നാല് വാർഡുകളും നിലവിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട കെ.വി. സരള പ്രതിനധീകരിക്കുന്ന ഒമ്പത്, ടെൻസി വർഗീസിന്റെ 18 എന്നീ വാർഡുകളാണ് ജോൺ മത്സരത്തിനായി കൂടുതൽ പരിഗണിക്കുന്നത്.
എം.എം. ഹസൻ യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുള്ള ജില്ലാ തല പുനസംഘടനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം എം.ഒ. ജോൺ രാജിവെച്ചത്. കെ.പി.സി.സി പുന:സംഘടനയിൽ സ്ഥാനം ലഭിക്കാതെ പോയ ഡൊമിനിക്ക് പ്രസന്റേഷന് വേണ്ടിയാണ് ജോൺ ഒഴിവായത്. കെ.പി.സി.സി അംഗമായിരുന്ന ജോൺ പുനസംഘടനയിൽ എക്‌സിക്യൂട്ടീവ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.ഒ. ജോൺ നഗരസഭയിലേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നൂറാം വർഷത്തിലേക്ക് കടക്കുന്ന നഗരസഭയിൽ കൂടുതൽ കാലം ചെയർമാനായതും എം.ഒ. ജോൺ ആണ്. മൂന്ന് തവണകളിലായി 13 വർഷത്തോളം അദ്ദേഹം ചെയർമാനായി. അദ്ദേഹം മത്സരരംഗത്ത് നിന്നും ഒഴിവായി നിന്ന 2005ലാണ് ആദ്യമായി നഗരസഭയിൽ സി.പി.എം അധികാരത്തിലേറിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് എം.സി. വർക്കിയും പി.ഡി. പത്മനാഭൻ നായരും ഇടതുപക്ഷത്ത് നിന്നും ചെയർമാന്മാരായിട്ടുണ്ട്.