
കളമശേരി: ഒരല്പം ശാന്തിയും സമാധാനവും സ്വന്തമാക്കാൻ തോന്നലുണ്ടെങ്കിൽ സ്വസ്ഥമായിരിക്കാനൊരിടമുണ്ട്. വരൂ, മൗനനിലയ വാതിലുകൾ നിങ്ങൾക്കായി തുറന്നുകിടപ്പുണ്ട്.
ഏലൂരിന് സമീപം മഞ്ഞുമ്മലെ ഗ്രാമീണാന്തരീക്ഷത്തിൽ വൃക്ഷലതാദികളുടെ പച്ചപ്പും തണലും തണുപ്പും ആവാഹിച്ചു നിൽക്കുന്ന കൊച്ചു കെട്ടിടമാണ് മൗനനിലയം.
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഇവിടെ തപസനുഷ്ഠിക്കാം. ജാതി, മത, വർഗ, വർണ വ്യത്യാസമില്ലാതെ ആർക്കും പ്രവേശിക്കാം. ലളിത നിബന്ധനകളുണ്ട്: സാത്വിക ഭക്ഷണ രീതിയാകണം, മതചിഹ്നങ്ങൾ പാടില്ല, ചടങ്ങുകളില്ല, വേഷഭൂഷാതികൾ ലളിതം, ലഹരി നിഷിദ്ധം.
പ്രധാന നിബന്ധന ഇതൊന്നുമല്ല, മൗനം.... മൗനം... മാത്രം അതെ നിശബ്ദത ഭഞ്ജിക്കരുത്.
ഹംസ വിദ്യാഗുരുകുലം ട്രസ്റ്റ് 2013ലാണ് ഹംസ വിദ്യാ പ്രചരണാർത്ഥം ഈ നിശബ്ദാലയം തുറന്നത്. അന്യസംസ്ഥാനക്കാരും വിദേശികളുമെല്ലാം ഇവിടെ ഇടയ്ക്ക് തപസിൽ മുഴുകാനെത്തും. കൊവിഡ് കാലത്ത് സന്ദർശകർ കുറവാണെന്ന് മാത്രം.
ഫീസും പിരിവുമില്ല. ശില്പശാലകളും യോഗാ പഠനവും ഇടയ്ക്ക് നടത്താറുണ്ട്. ഹംസ വിദ്യാ പ്രസിദ്ധീകരണങ്ങളുമുണ്ട്.
സ്വാമി ശ്രീയുത് ബാലകൃഷ്ണനാഥാണ് മൗനനിലയത്തിന് പ്രാരംഭം കുറിച്ചത്. വൈദ്യവാചാസ്പതി എം.ബാലകൃഷ്ണൻ നായർ എന്നാണ് പൂർവ്വാശ്രമ നാമം.
ഹംസ വിദ്യാപ്രചാരകനും സ്വാമിയുടെ അനുയായിയുമായ കൃഷ്ണകുമാറാണ് സ്വന്തം സ്ഥലവും കെട്ടിടവും മൗനവിശുദ്ധിക്കായി വിട്ടുകൊടുത്തത്.
ശ്രീയുത് രാംകുമാർ (പ്രസിഡന്റ്), ശ്രീയുത് രാധാ കൃഷ്ണനാഥ് (സെക്രട്ടറി), ശ്രീ യുത് സുധാകരൻ (ജോ. സെക്രട്ടറി), ശ്രീ യുത് കെ.ആർ.സുനിൽ (ട്രഷറർ), ശ്രീ യുത് കെ.ആർ.മാധവൻകുട്ടി (വൈസ്.പ്രസിഡന്റ്), ശ്രീ യുത് കൃഷ്ണകുമാർ എന്നിവരടങ്ങിയതാണ് ഹംസ വിദ്യാ ഗുരുകുലം ട്രസ്റ്റ്.
ഹംസ യോഗം
മുനികുല പരമ്പരാഗത വിദ്യയാണ് ഹംസ യോഗം. സർവജീവികളും സദാകാലവും 'ഹംസ - ഹംസ' എന്ന മന്ത്രം അറിയാതെ ജപിക്കുന്നെന്നാണ് ഹംസ യോഗവിദ്യ പ്രചാരക മതം. ഒരു ജീവി ജനിക്കുമ്പോൾ ആദ്യമായി 'ഹം 'കാരത്താൽ നിശ്വാസത്തെ പുറത്തേക്കു വിടുകയും 'സ' കാരത്താൽ ശ്വാസത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഹംസയോഗ സന്യാസിക്ക് കുടുംബസ്ഥനാകാം. കാവിയും ദീക്ഷയും വേണ്ട. ഹംസയോഗികൾ കർമ്മയോഗികളാണ്. ആത്മീയതയ്ക്കൊപ്പം ഭൗതിക ഐശ്വര്യത്തിലും സമൃദ്ധിയിലും മുന്നേറണമെന്നാണ് തത്വം. പ്രതിഫലേച്ഛയില്ലാതെ വിദ്യ നൽകുകയും വേണം.