കൊച്ചി : കൊച്ചി കോർപ്പറേഷൻ ഓഫീസിനെ ജപ്തിനടപടികളിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. മറൈൻഡ്രൈവിൽ ആസ്ഥാന മന്ദിരം നിർമ്മിക്കുന്ന ഭൂമിയുടെ ജപ്തി നടപടികൾ ഒഴിവാക്കാൻ ഒത്തുതീർപ്പിനു തയ്യാറാണെന്ന് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. പണം നൽകാൻ തയ്യാറാണെന്നും കോടതി മദ്ധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും കഴിഞ്ഞ ആഴ്ച സബ് കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് 17ന് നടക്കുന്ന അദാലത്തിൽ പരിഗണിക്കാൻ കേസ് മാറ്റിവച്ചു. സാങ്കേതിക തടസങ്ങളെ തുടർന്ന് ശനിയാഴ്ച അദാലത്ത് നടന്നില്ല. പുതിയ തീയതി നിശ്ചയിച്ചിട്ടുമില്ല.

# വർഷങ്ങൾ നീണ്ട തർക്കം

കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷ്ണവിലാസം കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലം സർക്കാർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണു കോർപ്പറേഷൻ ജപ്തി നടപടികൾ നേരിടുന്നത്. എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ ഭാഗമായ ഒരേക്കർ 28 സെന്റ് ഭൂമി സെന്റിന് 28,000 രൂപ പ്രകാരം 1989 ൽ സർക്കാർ ഏറ്റെടുത്തു കൊച്ചി കോർപ്പറേഷന് കൈമാറുകയായിരുന്നു. ഭൂമി കോർപ്പറേഷൻ പിന്നീട് ക്ഷേത്ര സംരക്ഷണ സമിതിക്കു കൈമാറി.

വില അപര്യാപ്തമാണെന്നു കാണിച്ചു രാജകുടുംബാംഗങ്ങൾ ഉൾപ്പെട്ട പാലസ് അഡ്മിനിസ്‌ട്രേഷൻ ബോർഡ് നൽകിയ ഹർജിയിൽ 2011ൽ സെന്റിന് 76,000 രൂപ വച്ചു പലിശ സഹിതം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ, കോർപ്പറേഷൻ ഈ തുക നൽകിയില്ല. തുടർന്നാണു വിധി നടപ്പാക്കാനായി പാലസ് അഡ്മിനിസ്‌ട്രേഷൻ ബോർഡ് സബ് കോടതിയിൽ ഹർജി നൽകിയത്.

# ഒത്തുതീർപ്പിന് കോർപ്പറേഷൻ

ജപ്തി ചെയ്തു പണമീടാക്കാൻ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ മറൈൻഡ്രൈവിലുള്ള ഒന്നര ഏക്കർ ഭൂമി മരവിപ്പിച്ച് കഴിഞ്ഞ ഏഴിനു സബ് കോടതി ഉത്തരവിട്ടു. ഉത്തരവ് ഇവിടെ നിർമ്മാണത്തിലിരിക്കുന്ന ആസ്ഥാന മന്ദിരത്തിൽ പതിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ പണം നൽകാമെന്നും തുക മദ്ധ്യസ്ഥ ചർച്ചയിലൂടെ തീരുമാനിക്കണമെന്നും കോർപ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ എസ്. സുധീഷ്‌കുമാർ അറിയിച്ചു.

ആസ്തി മരവിപ്പിച്ച നടപടി പിൻവലിക്കാൻ കോർപ്പറേഷൻ ഹർജി നൽകിയിട്ടുണ്ട്. പലിശയുൾപ്പെടെ ആഗസ്റ്റ് വരെ 3.32 കോടി രൂപയാണു ലഭിക്കാനുള്ളതെന്ന് പാലസ് അഡ്മിനിസ്‌ട്രേഷൻ ബോർഡിനു വേണ്ടി ഹാജരായ വി.കെ. പ്രസാദ് പറഞ്ഞു.