അങ്കമാലി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി നിർമ്മിച്ച സെന്റ് ജൂഡ് ഹോംസിന്റെ വെഞ്ചിരിച്ചും യൂദാപുരം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുന്നാളിന്റെ കൊടികയറ്റവും ഇന്ന് നടക്കും .കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുതുന്നതെന്ന് റെക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി അറിയിച്ചു. ലക്ഷങ്ങൾ പങ്കെടുത്തുകൊണ്ടിരുന്ന ഊട്ടു തിരുന്നാൾ ഇതേതുടർന്ന് മാറ്റിവെച്ചു. മുഖ്യ തിരുന്നാൾ ദിവസങ്ങളിലെ തിരുകർമ്മങ്ങൾ രാവിലെ 7 മുതൽ തൽസമയം ഓൺലൈനായി ലഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് രാവിലെ 9.30ന് സെന്റ് ജൂഡ് ഹോംസിന്റെ ആദ്യത്തെ രണ്ടു ഭവനങ്ങളുടെ വെഞ്ചിരിപ്പ് നടക്കും. 10.30 ന് വരാപ്പുഴ അതിരൂപത വികാരി ജനറാൾ റവ.മോൺ.മാത്യു കല്ലിങ്കൽ തിരുന്നാളിന് കൊടിയേറ്റും. തുടർന്ന് തിരുന്നാൾ ദിവ്യബലി, നൊവേന, പ്രസംഗം, ആരാധന എന്നിവ നടക്കും. 21 ന് രാവിലെ 9.30ന് അത്ഭുത ഗ്രോട്ടോ വെഞ്ചിരിപ്പ് നടത്തും.10.30 ന് സത്ന രൂപത മുൻ മെത്രാൻ മാർ മാത്യു വാണിയ കിഴക്കേലിന്റെ കാർമ്മികത്വത്തിൽ തിരുന്നാൾ ദിവ്യബലി നടക്കും.
22 ന് രാവിലെ 10ന് നടക്കുന്ന സെന്റ് ജൂഡ്സ് ഡേയിൽ വരാപ്പുഴ മുൻ മെത്രാപ്പോലീത്ത റവ.ഡോ.ഫ്രാൻസീസ് കല്ലറയ്ക്കലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി നടക്കും. തുടർന്ന് സെന്റ് ജൂഡ്സ് ഹോമിന്റെ താക്കോൽദാനം നടത്തും.എട്ടാമിടം തിരുന്നാളും സെന്റ് ജൂഡ് ഹോംസിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനവും 29 ന് രാവിലെ 9.30ന് നടക്കും.