
കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി നവംബർ ഒമ്പതു മുതൽ അന്തിമ വാദം കേൾക്കും. അപ്പീൽ വേഗം പരിഗണിച്ചു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
13 കാരിയായ പെൺകുട്ടിയെ 2017 ജനുവരി 13 നും ഒമ്പതു വയസുകാരിയായ സഹോദരിയെ 2017 മാർച്ച് നാലിനുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ക്രൂരമായ പീഡനങ്ങൾക്കിരയായതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അറസ്റ്റിലായ വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരെ വിചാരണക്കോടതി വെറുതേവിട്ടു. ഇതിനെതിരെയാണ് സർക്കാരും പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തുടരന്വേഷണം നടത്താൻ അനുവദിച്ച് പുനർവിചാരണയ്ക്ക് ഉത്തരവിടണമെന്നാണ് സർക്കാരിന്റെ അപ്പീലിലെ ആവശ്യം. ഡിവിഷൻ ബെഞ്ചിൽ ഇന്നലെ ഹർജി വന്നപ്പോൾ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കുറ്റം തെളിയിക്കാൻ ശക്തമായ തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇവയൊന്നും പരിഗണിച്ചില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് മൂന്നാഴ്ചയ്ക്കു ശേഷം അന്തിമവാദം തുടങ്ങാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. നാലു പ്രതികൾക്കെതിരെ ആറു കേസുകൾ രജിസ്റ്റർ ചെയ്ത് ആറു കുറ്റപത്രങ്ങളാണ് അന്വേഷണസംഘം സമർപ്പിച്ചിരുന്നത്.