കൊച്ചി: പ്രളയത്തിൽ വീടുതകർന്നവർക്ക് ആശ്വാസം പകർന്ന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി ജില്ലയിൽ രണ്ടാം ഘട്ടത്തിലേക്ക്.വാരപ്പെട്ടി വില്ലേജിൽ നിർമിക്കുന്ന ഫ്ലാറ്റിന് അടുത്ത മാസം തറക്കല്ലിടും. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്കുള്ള ഭവനസമുച്ചയമാണ് നിർമ്മിക്കുന്നത്. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിച്ച് നൽകുന്ന പദ്ധതിയായിരുന്നു കെയർ ഹോം ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. 385 വീടുകളാണ് ജില്ലയിൽ ഇത്തരത്തിൽ നിർമിച്ചു നൽകിയത്. അതിൽ ഇരുപതിലധികം വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. രണ്ടാംഘട്ടത്തിൽ ഭൂരഹിത - ഭവന രഹിതരായ 40 കുടുംബങ്ങൾക്ക് തണലൊരുക്കും. ഇതിനായി ഒരേക്കർ സർക്കാർ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. ഇത് കൈമാറി കിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 8 കോടി രൂപ മുടക്കിയാണ് ഫ്ലാറ്റുകളുടെ നിർമാണം. മൂന്നുനിലകളിലായി 40 ഭവനങ്ങൾ ഒരുക്കും. പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്. ഗുണഭോക്താക്കളെ ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിൽ നിന്നുമാണ് തീരുമാനിക്കുക. നവംബറിൽ ഭവന സമുച്ചയത്തിന് തറക്കല്ലിട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സഹകരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് രജിസ്ട്രാർ സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു.