
കൊച്ചി : കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിലും ഇതേ ബെഞ്ച് അറസ്റ്റ് 23 വരെ തടഞ്ഞിരുന്നു. അന്ന് ഇരു ഹർജികളും വാദം കേട്ട് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇന്നലെ രാവിലെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പ്രത്യേകം ആവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച ഹർജി പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഉച്ചയ്ക്ക് ശേഷത്തേക്ക് വച്ചു.
രാഷ്ട്രീയക്കളിയിൽ കരുവാക്കുകയാണെന്നും മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടിയാണ് ദ്രോഹിക്കുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു. വിവിധ ഏജൻസികളുടെ ചോദ്യംചെയ്യലിനായി 60 തവണയിലേറെ കൊച്ചിയിലെത്തി. 90 മണിക്കൂർ ചോദ്യം ചെയ്തു. 600 മണിക്കൂറിലേറെ യാത്ര വേണ്ടിവന്നു. 15ന് ഇ.ഡി എട്ടരമണിക്കൂർ ചോദ്യം ചെയ്തതിനെത്തുടർന്ന് ക്ഷീണിതനായതിനാൽ അന്നു മടങ്ങിയില്ല. പിറ്റേന്ന് യാത്രയ്ക്ക് മുമ്പ് അന്വേഷിച്ചപ്പോൾ ഉടനെ ഇനി ഹാജരാകേണ്ടെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തെ വീട്ടിലെത്തിയത് വൈകിട്ട് 5.30 നാണ്. ഇരുപതു മിനിട്ടു കഴിഞ്ഞ് സ്റ്റേറ്റ്മെന്റെടുക്കാൻ ആറുമണിക്ക് ഹാജരാകണമെന്ന് പറഞ്ഞു കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി. സ്വന്തം കാറിൽ വരാമെന്ന് പറഞ്ഞിട്ടും അനുവദിച്ചില്ല. കസ്റ്റംസിന്റെ വാഹനത്തിൽ പോകുമ്പോഴാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. കസ്റ്റംസുകാർ തന്നെ ആശുപത്രിയിലെത്തിച്ചു. അവിടെ ഭാര്യ ജോലി ചെയ്തിരുന്നെന്ന് മനസിലാക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കസ്റ്റംസ് നൽകിയ നോട്ടീസിന് നമ്പർ പോലും ഇട്ടിരുന്നില്ല. ശാരീരികമായി കൈകാര്യം ചെയ്യാനിടയുണ്ട്. അനുകൂലമായി മൊഴി നൽകുന്നതിന് മറ്റൊരു പ്രതിയെ കസ്റ്റംസ് മർദ്ദിച്ചെന്ന് പരാതിയുണ്ട്. നിർബന്ധിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കാനിടയുണ്ട്. ജയിലിലടയ്ക്കാൻ പുതിയ കേസെടുത്തതായി ആശങ്കയുണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു.
ശിവശങ്കർ രാഷ്ട്രീയം കളിക്കുന്നു: കസ്റ്റംസ്
ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും കസ്റ്റംസ് വാദിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെപ്പോലും പരസ്യമായി തള്ളിപ്പറയുകയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രത്യേക കേസായി പരിഗണിക്കണം. മുൻകൂർ ജാമ്യാപേക്ഷയുടെ പകർപ്പ് രാവിലെയാണ് കിട്ടിയത്. വിശദമായ മറുപടിക്ക് സമയം വേണമെന്നും വാദിച്ചു. തുടർന്നാണ് ഇ.ഡി കേസിലെ മുൻകൂർ ജാമ്യപേക്ഷയ്ക്കൊപ്പം പരിഗണിക്കാൻ മാറ്റിയത്. ഹർജി ബുധനാഴ്ച പരിഗണിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.