
വിവാദം എറണാകുളം മെഡി.കോളേജിൽ  നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തു
കൊച്ചി: വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതും നഴ്സുമാരുടെ വീഴ്ചയും മൂലം കൊവിഡ് രോഗികൾ മരിച്ചിട്ടുണ്ടെന്ന ശബ്ദരേഖ വിവാദമായതോടെ എറണാകുളം മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറെ അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയോഗിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജും അന്വേഷണം ആരംഭിച്ചു.
ഫോർട്ടുകൊച്ചി തുരുത്തി സ്വദേശി ഹാരിസ് വെന്റിലേറ്ററിന്റെ ട്യൂബ് മൂക്കിൽ നിന്ന് മാറിക്കിടന്നതു മൂലം മരിച്ചെന്നാണ് നഴ്സിംഗ് ഓഫീസർ ജലജാദേവി നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നൽകിയ ശബ്ദസന്ദേശത്തിൽ പറഞ്ഞത്.
നഴ്സുമാരുടെ വീഴ്ചമൂലം മറ്റു ചിലരും മരിച്ചെങ്കിലും ഡോക്ടർമാർ റിപ്പോർട്ട് ചെയ്യാത്തതിനാൽ നടപടി ഒഴിവായെന്നും പറയുന്നുണ്ട്.
കേന്ദ്ര സംഘത്തിന്റെ ആശുപത്രി സന്ദർശനം സംബന്ധിച്ച സൂപ്രണ്ടിന്റെ യോഗവിവരങ്ങൾ അറിയിച്ചായിരുന്നു ശബ്ദസന്ദേശം.
വെളിപ്പെടുത്തലിന് പിന്നാലെ ജലജാദേവിയെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. വകുപ്പ് ഡയറക്ടറോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി എന്നിവരെ അന്വേഷണത്തിന് നിയോഗിച്ചു. പ്രാഥമിക റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്ക് കൈമാറിയതായി സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ പറഞ്ഞു.
മരണം ജൂലായിൽ
ഗൾഫിൽ നിന്നെത്തിയ ഹാരിസ് ജൂലായ്  20 നാണ് മരിച്ചത്. അന്നുതന്നെ പരാതിപ്പെട്ടിരുന്നെന്നും ഇനി നിയമനടപടികൾ സ്വീകരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. മരിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പും ഭാര്യയുമായി വീഡിയോകാളിൽ സംസാരിച്ചിരുന്നു.
എഴുപതിനായിരം രൂപ വിലയുള്ള ബൈപാപ്പ് എന്ന ഉപകരണം വാങ്ങിപ്പിച്ചു. പരാതിപെട്ടപ്പോഴാണ് ആശുപത്രി വികസനസമിതി ഇതിന്റെ തുക തിരികെ നൽകിയതെന്ന് വീട്ടുകാർ പറഞ്ഞു.
ശബ്ദസന്ദേശത്തിൽ നിന്ന്
'....ഓക്സിജൻ പോകുന്ന രോഗികളുടെ മാസ്കുകൾ കൃത്യമായാണോ ഇരിക്കുന്നതെന്ന് ശ്രദ്ധിക്കണം. പല രോഗികളുടെയും മാസ്കുകൾ മാറിക്കിടക്കുകയായിരിക്കും. പരിശോധനയ്ക്ക് കയറിയ ഡോക്ടർമാരിൽ ആരോ കണ്ടിട്ട് റിപ്പോർട്ട് ചെയ്തതാണ്. ശരിക്കും മൂക്കിന്റെ അടുത്തു തന്നെയായിരിക്കില്ല. മാറിക്കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്.
അങ്ങനെ വീഴ്ച വന്നിട്ടുണ്ട്. പല രോഗികളും മരിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടെന്നാൽ നമ്മൾ കഷ്ടപ്പെടുന്നുണ്ട്. പക്ഷേ, നമ്മുടെ ഭാഗത്തു നിന്നു ചെറിയ വീഴ്ചകൾ കൊണ്ടും പല രോഗികൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനൊരു വീഴ്ച വരാതെയിരിക്കണം. എന്തെങ്കിലും കഷ്ടകാലത്തിന് പിടിച്ചുപോയാൽ ആകെ പ്രശ്നമാകും. ഹാരിസ് എന്നൊരു പേഷ്യന്റ് ശരിക്കും വെന്റിലേറ്റർ ട്യൂബിംഗ്സ് മാറിക്കിടന്നിട്ട് മരിച്ചതാണ്. വാർഡിലേക്ക് മാറ്റാൻ പറ്റുന്ന സ്ഥിതിയിലായ പേഷ്യന്റാണ്. മരിച്ചപ്പോൾ അവരുടെ ആൾക്കാർ പരാതി പറയുകയൊക്കെ ചെയ്തതാണ്. ഡോക്ടർമാർ നമ്മളെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടി കാര്യങ്ങളൊന്നും പുറത്തുവിടാതിരുന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ അത് വലിയ വിഷയമായി മാറിയേനെ".
കൊവിഡും ഓക്സിജനും
കൊവിഡ് ബാധിച്ചാൽ ശ്വാസകോശത്തിൽ ശ്വസനപ്രക്രിയയെ നിയന്ത്രിക്കുന്ന ആൽവിയോളയെ തകരാറിലാക്കും. ഓക്സിജൻ വലിച്ചെടുത്ത് കാർബൺഡൈ ഓക്സൈഡ് പുറത്തുവിടാനുള്ള ശേഷി നഷ്ടപ്പെടും. ഈഘട്ടത്തിലാണ് ഓക്സിജൻ നൽകേണ്ടിവരുന്നത്.
കൊവിഡിന്റെ പ്രത്യേകത കാരണം ഓക്സിജൻ കുറഞ്ഞു തുടങ്ങിയാൽ ലക്ഷണങ്ങൾ പ്രകടമാകില്ല. ആരോഗ്യവാനായ വ്യക്തിപോലും പെട്ടെന്ന് അതീവ ഗുരുതരാവസ്ഥയിലാവാം. ഹാപ്പി ഹൈപ്പോക്സിയ എന്നാണ് ഇതിനെ പറയുന്നത്. രോഗംബാധിച്ചയാൾ ആരോഗ്യം വീണ്ടെടുത്താലും പൂർണമായും രോഗമുക്തനല്ലെങ്കിൽ ഹാപ്പി ഹൈപ്പോക്സിയ സംഭവിക്കാം.
വെന്റിലേറ്റർ
• ഗുരുതരാവസ്ഥയിലുള്ളവർക്ക് ഓക്സിജൻ നൽകി ജീവൻ നിലനിറുത്താനുള്ള കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനം. ഇൻവേസീവ് വെന്റിലേഷൻ രീതിയിൽ വായിലൂടെയോ തൊണ്ടയിൽ ചെറിയ മുറിവുണ്ടാക്കിയോ ഓക്സിജൻ ട്യൂബ് ശ്വാസനാളിയിലേക്ക് കയറ്റി വെന്റിലേറ്ററുമായി ഘടിപ്പിക്കും.
• നോൺ ഇൻവേസീവ് രീതിയിൽ മുഖത്ത് പ്രത്യേകതരം മാസ്ക് വച്ച് മർദ്ദം ഉയർത്തി യന്ത്രസഹായത്തോടെ ഓക്സിജൻ നൽകാം. ബൈ പാപ്പ് സംവിധാനം ഇതിനാണ് ഉപയോഗിക്കുക.
• സ്വാഭാവികമായ ശ്വാസോച്ഛ്വാസത്തിന് മാസ്ക് വച്ച് ഓക്സിജൻ നൽകുന്ന രീതിയാണ് ഓക്സിജൻ തെറാപ്പി. രോഗി ഗുരുതരാവസ്ഥയിലാകണമെന്നില്ല.
ഡോ.അനിൽകുമാർ പി.
എച്ച്.ഒ.ഡി, അനസ്ത്യേഷ്യ
എറണാകുളം മെഡിക്കൽ കോളേജ്