 
കളമശേരി: കഥകളൊരുപാട് പറയാനുണ്ട്, ഈ സിനിമാ കൊട്ടകയ്ക്ക്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നൃത്തമാടിയ വേദി. തിരുവിതാംകൂർ സഹോദരിമാരായ ലളിത രാഗിണി പത്മിനിമാർ, ശങ്കരാഭരണത്തിലെ നായിക മഞ്ജു ഭാർഗവി, പത്മാ സുബ്രമണ്യം തുടങ്ങിയ പ്രശസ്തർ ചിലങ്കയണിഞ്ഞതുന ഇവിടെ.
ഏലൂർ ഉദ്യോഗമണ്ഡൽ ടാക്കീസ് ഇപ്പോൾ ഗോഡൗണായി രൂപാന്തരം പ്രാപിച്ചെങ്കിലും ഏലൂർ മേഖലയിലുള്ളവർക്കും എഫ്.എ.സി.ടിയുമായി ബന്ധപ്പെട്ടവർക്കും ഇന്നും സജീവ ഓർമ്മചിത്രമാണ് ഈ തീയറ്റർ.
ഫാക്ട് ലളിതകലാ കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടികളും ഇവിടെയാണ് അരങ്ങേറിയിരുന്നത്. ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞർ, സിനിമ,നാടക കലാകാരന്മാർ തുടങ്ങി പ്രമുഖ കലാകാരന്മാരുടെ അവിസ്മരണീയമായ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച അരങ്ങാണ്. ഉദ്യോഗമണ്ഡൽ ടാക്കീസിൽ ഇന്നു മുതൽ പ്രദർശനമാരംഭിക്കുന്നു നിങ്ങളുടെ ഇഷ്ടതാരങ്ങളായ നസീർ, ഷീല കെ.പി.ഉമ്മർ , അടൂർ ഭാസി തുടങ്ങിയവർ മത്സരിച്ചഭിനയിച്ച .... എന്നിങ്ങിനെയുള്ള അനൗൺസ്‌മെന്റുകൾ കേൾക്കാത്ത പഴയ തലമുറ ഏലൂരുകാർ ഇല്ലെന്ന് തന്നെ പറയാം.
ഓല മേഞ്ഞ ആഡിറ്റോറിയമായിരുന്നു ആദ്യകാലത്ത് ഈ മന്ദിരം. കലാസമിതി എന്ന പേരിൽ കലാപരിപാടികൾ മാത്രം അരങ്ങേറി.1962 കാലഘട്ടത്തിൽ ഫാക്ട് മേധാവി എം.കെ.കെ നായർ കെട്ടിടത്തെ ഉദ്യോഗമണ്ഡൽ ടാക്കീസാക്കി മാറ്റി.
ആദ്യ ചിത്രം നിത്യകന്യകയായിരുന്നു.
പിന്നീട് ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞു.
വ്യവസായശാലകളിൽ രാത്രി ഷിഫ്റ്റ് കയറാൻ വരുന്നവർക്ക് ഒരനുഗ്രഹമായിരുന്നു തിയറ്റർ. എൻ.ബി.ചന്ദ്രൻ സി.എം.ഡി യായും കെ.പി.കെ.നായർ ജനറൽ മാനേജരുമായിരുന്നപ്പോൾ കോൺക്രീറ്റ് കെട്ടിടവും കുഷ്യൻ സീറ്റുമായി ആധുനികവൽക്കരിച്ചു. ഉദ്യോഗമണ്ഡൽ തിയ്യറ്ററായി. നടത്തിപ്പിന്ടെൻഡർ വിളിച്ച് കോൺട്രാക്റ്റ് കൊടുക്കുന്ന സമ്പ്രദായമായിരുന്നു.
2004 ഡിസംബറിൽ തിയ്യറ്റർ പ്രവർത്തനം അവസാനിപ്പിച്ച് വളം ചാക്കുകൾ സൂക്ഷിക്കുന്ന ഗോഡൗണാക്കി. ഇപ്പോൾ കാടുമൂടി കിടക്കുകയാണ്.
ഗതകാല പ്രൗഢിയുടെ ഓർമ്മകൾ പേറി കാടുകയറി ഭാർഗവി നിലയം പോലെ നിൽക്കുകയാണിന്ന് ഉദ്യോഗമണ്ഡൽ ടാക്കീസ് അഥവാ ഉദ്യോഗമണ്ഡൽ തിയ്യറ്റർ ..