life-mission

കൊച്ചി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെതിരെ ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് നൽകിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവർ പ്രതികളായ കേസാണ് ലൈഫ് മിഷൻ കേസ്. വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു വിദേശ സഹായം സ്വീകരിച്ചെന്നാരോപിച്ച് അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്.

സ്വർണക്കടത്തു കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവർക്കു പങ്കുള്ള കേസ് റദ്ദാക്കാൻ നീതിയും നിയമവും നടപ്പാക്കാൻ ബാദ്ധ്യതപ്പെട്ട സർക്കാർ തന്നെ ഹർജി നൽകിയതു തെറ്റാണെന്നാണ് ഹർജിക്കാരന്റെ വാദം.

കുറ്റകൃത്യങ്ങൾ തടയുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യുന്നത് സർക്കാരിന്റെ കടമയാണ്. എന്നാൽ ഇവിടെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. വാദം പൂർത്തിയായതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൊതുതാല്പര്യ ഹർജി വിധി പറയാൻ മാറ്റി.