ഫോർട്ടുകൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മട്ടാഞ്ചേരി സ്വദേശി ഹാരിസ് ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഹൈബിഈഡൻ എം.പി.മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ ജൂലായ് 20നായിരുന്നു സംഭവം. മരണത്തിൽ അന്നേ സംശയമുണ്ടായ വീട്ടുകാർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകുന്നതിനിടയിൽ പുറത്ത് പോയ ശബ്ദരേഖയിൽ നിന്നാണ് വിവരം പുറത്തായത്. എം.പി ഇവരുടെ വീട് സന്ദർശിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ച സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. മട്ടാഞ്ചേരിയിൽ താമസിച്ചിരുന്ന കുടുംബം ഇപ്പോൾ പള്ളുരുത്തിയിലാണ് താമസിക്കുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും എം.പി പരാതി നൽകിയിട്ടുണ്ട്. മുൻ മേയർ ടോണി ചമ്മിണിയും എം.പിക്കൊപ്പം ഉണ്ടായിരുന്നു.