 ഇന്റലിജൻസ് ട്രാഫിക് സിസ്റ്റം നിലവിൽ വന്നു

കൊച്ചി:വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കി 'അനുസ്യൂത യാത്ര' എന്ന സ്വപ്നം കൊച്ചിയിൽ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായുള്ള മെട്രോപൊളിറ്റൻ ആക്ടിന്റെ ആദ്യചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന സീം ലെസ് മൊബിലിറ്റി യാഥാർത്ഥ്യമാക്കാൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സഹായിക്കും. കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷിത യാത്രയൊരുക്കുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷ വഹിച്ചു. മന്ത്രിമാരായ ഇ. പി ജയരാജൻ, എ.കെ. ശശീന്ദ്രൻ, കെ.കെ. ശൈലജ, ടി.ജെ. വിനോദ് എം എൽ എ , പി.ടി. തോമസ് എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ, ജി.സി.ഡി.എ ചെയർമാൻ വി. സലീം, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി ജി പി ലോക്‌നാഥ് ബഹ്റ,
കേന്ദ്ര ജോയിന്റ് സെക്രട്ടറി കുണാൽ കുമാർ, കൊച്ചി സ്മാർട് മിഷൻ ജാഫർ മാലിക് ജില്ലാ കളക്ടർ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു

 നിയമം ലംഘിച്ചാൽ ഉടൻ കുടുങ്ങും

കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി കൊച്ചി മെട്രോ, വാട്ടർ മെട്രോ, ബസ് ഓട്ടോ തൊഴിലാളികളുടെ സൊസൈറ്റി തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിയാകും അനുസ്യൂത യാത്ര സൗകര്യം ഒരുക്കുക. വെഹിക്കിൾ ആക്യുവേറ്റഡ് സിഗ്‌നലുകൾ, കാൽനടക്കാർക്ക് റോഡ് കുറുകെ കടക്കാൻ സ്വയം പ്രവർത്തിപ്പിക്കാവുന്ന പെലിക്കൺ സിഗ്‌നൽ, മൂന്ന് മോഡുകളിൽ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്, നിരീക്ഷണ കാമറകൾ, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്‌നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, നിയന്ത്രണ കേന്ദ്രം എന്നിവയാണ് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായുള്ളത്.

തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ സിഗ്‌നൽ നിലവിൽ വരുന്നതോടെ കാത്തു നിൽപ്പ് ഒഴിവാക്കി വാഹനങ്ങളുള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നൽകി സിഗ്‌നലുകൾ പ്രവർത്തിക്കും. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്‌നൽ സമയം ക്രമീകരിക്കും. നഗരത്തിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്‌നലുകൾ സ്ഥാപിച്ചിരിക്കുന്നത്. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനായി 35 കേന്ദ്രങ്ങളിൽ നൂതന കാമറകളും സിസ്റ്റത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇവയ്ക്കാകും. റവന്യൂ ടവറിൽ ഒരുക്കിയിരിക്കുന്ന കൺട്രോൾ സെന്ററിൽ ഗതാഗതം നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും സൗകര്യമുണ്ട്. 27 കോടി രൂപയ്ക്കാണ് പദ്ധതി കെൽട്രോൺ നടപ്പാക്കിയത്.