മൂവാറ്റുപുഴ: ജനറൽ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ഫയർ വർക്ക് പൂർത്തീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഫയർ വർക്ക് പൂർത്തീകരണത്തിനാണ് 25 ലക്ഷം രൂപ അനുവദിച്ചതെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. 610 ലക്ഷം രൂപ ചെലവ് കണക്കാക്കിയാണ് നിർമ്മാണം ആരംഭിച്ചത്.തുക അപര്യാപ്തമായതിനാൽ ലിഫ്റ്റിന് 60 ലക്ഷം രൂപയും, ഫയർ വർക്കിന് 40 ലക്ഷം രൂപയും 2019 -ൽ അനുവദിപ്പിച്ചു. ഫയർ വർക്കിന്റെ 85% പണി കഴിഞ്ഞെങ്കിലും ഫയർ ടാങ്ക്, പമ്പ് റൂം എന്നിവ കൂടി പൂർത്തികരിക്കാൻ 25 ലക്ഷം രൂപ കൂടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു .ഇതിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. പുതിയ മന്ദിരം തുറന്നാൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകാൻ കൂടുതൽ സൗകര്യപ്രദമാകും .അഡ്മിനിസട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപകൂടി അനുവദിച്ചിട്ടുണ്ട് . നഗരസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ ഇക്കാലയളവിൽ നല്ലനിലയിലാണ് നടക്കുന്നത്.

2019-ൽ ഓങ്കോളജി ബ്ലോക്ക് നിർമ്മാണത്തിന് 5 കോടി രൂപയും അനുവദിച്ചു. 20 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. 21 ചേരുന്ന ആശുപത്രി വികസന സമിതി യോഗത്തിൽ വിവിധ വികസന പ്രവൃത്തനങ്ങളുടെ അവലോകനവും, കൊവിഡ് അനുബന്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിനെ കുറിച്ചുു തീരുമാനങ്ങളും എടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, ആശുപത്രി സൂപ്രണ്ട് ഡോ: ആശ വിജയൻ എന്നിവർ അറിയിച്ചു.